ചാത്തന്നൂർ: ഫേയ്സ്ബുക്കിലൂടെ രേഷ്മയുടെ അജ്ഞാത കാമുകനായി അഭിനയിച്ച്, പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും രേഷ്മ ജയി ലാവുകയും ചെയ്തതിന് കാരണക്കാരിയായ ഗ്രീഷ്മ കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയാണെന്ന് പോലീസ് സൈബർ സെൽ.
രഹസ്യമായി സിം കാർഡ് സംഘടിപ്പിച്ച് അനന്ദു എന്ന അക്കൗണ്ടുണ്ടാക്കി രേഷ്മയുടെ കാമുകനായത് തമാശയ്ക്കായിരുന്നു.
രേഷ്മ കാമുകന്റെ കാര്യത്തിൽ ഗൗരവമാവുകയും അയാളിൽ അടിമയാവുകയും ചെയ്ത ഘട്ടത്തിലാണ് ഗ്രീഷ്മ സ്വന്തം കാമുകനോട് ഇത് പറഞ്ഞത്. പിന്നീട് ആര്യയോടും പറഞ്ഞു.ഗ്രീഷമയും ആര്യയും ചേർന്നായി പിന്നീട് കാമുകൻ കളി.
രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ‘കാമുകൻ’ ഒരിക്കൽ പോലും രേഷ്മയോട് സംസാരിച്ചിരുന്നില്ല. എന്നാൽ രഹസ്യ കാമുകന്റെ വിവരം ആര്യയും ഗ്രീഷ്മയും അറിയുകയും ചെയ്തതോടെ രഹസ്യം പറയേണ്ടി വന്നു.
ഗ്രീഷ്മ ഓരോ തവണയും രേഷ്മയോട് ചാറ്റ് ചെയ്ത ശേഷം അക്കൗണ്ട് ബ്ലോക്ക് ആക്കും. പിന്നീട് ഇത് ഡിലിറ്റ് ചെയ്യും. വീണ്ടും പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്ത് ചാറ്റ് ചെയ്ത ശേഷം ഡിലിറ്റ് ചെയ്യുന്നതാണ് തെളിവ് നശിപ്പിക്കാൻ വേണ്ടി ചെയ്തിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയതായി എസി പി വൈ .നിസാമുദീൻ പറഞ്ഞു.
ഒരു അക്കൗണ്ട് ഡിലിറ്റ് ചെയ്ത് കഴിഞ്ഞാൽ നിശ്ചിത നാൾ കഴിയുമ്പോൾ ഫേയ്സ്ബുക്ക് തന്നെ ഇത് ഉപയോഗിക്കാത്ത അക്കൗണ്ട് എന്ന നിലയിൽ നശിപ്പിച്ചു കളയുമെന്ന് ഗ്രീഷ്മയ്ക്കറിയാമായിരുന്നു.
പക്ഷേ കാമുകനോട് ഒന്നും മറച്ചു വയ്ക്കാൻ ഗ്രീഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. സി പി എം പ്രതിനിധിയായിരുന്ന മുൻ നഗരസഭ കൗൺസിലറുടെ മകനാണ് ഗ്രീഷ്മയുടെ കാമുകൻ.
മരിക്കുന്നതിന് മുമ്പ് ഗ്രീഷ്മ കാമുകനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. ഗ്രീഷ്മയുടെ കാമുകനെ സംരക്ഷിക്കാൻ ഭരണപക്ഷ പാർട്ടിയിലുള്ള ചിലർ സമ്മർദം ചെലുത്തുന്നുണ്ടെന്നറിയുന്നു.
ഗ്രീഷ്മയുടെ തമാശയിൽ തകർന്നത് മൂന്ന് കുടുംബങ്ങൾ
ചാത്തന്നൂർ: കല്ലുവാതുക്കൽ മേവനക്കോണം രേഷ്മ ഭവനിൽ ഗ്രീഷ്മ എന്ന യുവതിയുടെ തമാശ തകർത്തത് മൂന്ന് കുടുംബങ്ങളെ. മൂന്ന് മരണങ്ങൾക്കും ഇടയാക്കി. തമാശയ്ക്ക് ഇരയാകേണ്ടി വന്ന യുവതി ജയിലിൽ. മൂന്നും നാലും വയസുള്ള രണ്ട് കുഞ്ഞുങ്ങൾ ദൈന്യകാഴ്ചയുമാകുന്നു.
കാമുകനിൽ അമിത വിശ്വാസവും പ്രതീക്ഷയും വച്ചു പുലർത്തി സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് ജയിലിലായ രേഷ്മ എന്ന യുവതി തനിക്ക് സംഭവിച്ച വഞ്ചനയോർത്ത് വിധിയെ പഴിക്കുകയായിരിക്കും.
സ്വന്തം അമ്മാവന്റെ ഭാര്യയായ രേഷ്മയെയാണ് ഗ്രീഷ്മ തമാശയുടെ പേരിലാണെങ്കിലും ചതിക്കുഴിയിൽപ്പെടുത്തിയത്. ഇതിലെ തമാശ പങ്കുവച്ചപ്പോൾ മറ്റൊരു അമ്മാവന്റെ ഭാര്യയായ ആര്യയും ഒപ്പം കൂടി .
ഇരുവരും ചേർന്നായി തമാശക്കളി. പിടിക്കപ്പെടുമെന്നായപ്പോൾ ഗ്രീഷ്മയും ആര്യയും ആത്മഹത്യയിൽ അഭയം തേടി.
കുഞ്ഞിനെ കൊന്ന കേസിൽ രേഷ്മ ജയിലിലും ആര്യയുടെ നാല് വയസുള്ള മകൻ അഭിദേവും രേഷ്മയുടെ മൂന്ന് വയസുള്ള പെൺകുഞ്ഞും ആരുടെയും സഹതാപമർഹിക്കുന്നു.
ഫേയ്സ്ബുക്കിലൂടെ ചതിക്കപ്പെടുന്നവർക്ക് വേണ്ടിയുള്ള ജീവിച്ചിരിക്കുന്ന സ്മാരകമാവുകയാണ് കല്ലുവാതുക്കൽ സംഭവം. 2000 ഒക്ടോബറിലെ മദ്യദുരന്തം പോലെ കല്ലുവാതുക്കലിനെ ലോക ശ്രദ്ധയിൽ ഒരിക്കൽ കൂടി എത്തിച്ചിരിക്കുകയാണ് ഈ ഫേയ്സ്ബുക്ക് ദുരന്തം.