തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കുവൈറ്റിലെ പ്രമുഖ വ്യവസായിയും എൻബിടിസി മാനേജിംഗ് ഡയറക്ടറുമായ കെ.ജി. ഏബ്രഹാം.
പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച പണം അർഹരിൽ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്നും കെ.ജി.ഏബ്രഹാം പറഞ്ഞു.
ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല.
ഇനി സഹായങ്ങൾ സ്വന്തം നിലയിൽ നൽകാനാണ് തീരുമാനം. രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകൾക്ക് അധിക നികുതി ചുമത്തിയത് സർക്കാരിന്റെ അഹങ്കാരമാണ്.
ഇടതുപക്ഷത്തിന് വോട്ട് ചെയ്തതിൽ ഇന്ന് പശ്ചാത്താപിക്കുന്നു- കുവൈറ്റിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കെ.ജി ഏബ്രഹാം പറഞ്ഞു.
പ്രവാസികളില്ലെങ്കിൽ കേരളം എങ്ങനെ ജീവിക്കും എന്നിട്ടും ചൂഷണം ചെയ്യുകയാണ്. ഇപ്പോൾ ഞാൻ മണ്ടനാക്കപ്പെട്ടു. ഗൾഫുകാരെയല്ലാതെ മറ്റാരെയും ഇവർക്ക് ചൂഷണം ചെയ്യാൻ കഴിയില്ല.
ലബനോണിൽ സംഭവിച്ചതിനു സമാനമായി സമീപഭാവിയിൽ കേരളത്തിലും സംഭവിക്കും – എന്നും കെജി ഏബ്രഹാം പറഞ്ഞു.