ന്യൂഡൽഹി: വാണ്ടറേഴ്സ് പിച്ചിലെ അപ്രതീക്ഷിത ബൗണ്സിനെച്ചൊല്ലി ഉയർന്ന ആശങ്കകൾ തള്ളി ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ അജിൻക്യ രഹാനെ. പിച്ച് വെല്ലുവിളിയുയർത്തുന്നതാണെങ്കിലും അത് അപകടകരമായ രീതിയിലേക്കു മാറിയിട്ടില്ലെന്ന് രഹാനെ പറഞ്ഞു. ഇരുടീമുകൾക്കും പിച്ചിലെ ബൗണ്‍സ് തുല്യമായി അനുഭവപ്പെടണമെന്നും മൂന്നാം ദിവസത്തെ കളിക്കുശേഷം മാധ്യമങ്ങളെ കണ്ട രഹാനെ കൂട്ടിച്ചേർത്തു.
വിക്കറ്റ് വെല്ലുവിളിയുയർത്തുന്നതാണ്. ഇത് ഇരു ടീമുകൾക്കും ഒരേപോലെയാണ്. മുരളി വിജയ് 25 റണ്‍സ് സ്കോർ ചെയ്തു. ഓപ്പണർമാർ നന്നായി കളിച്ചു. ഭുവി(ഭുവനേശ്വർ കുമാർ)യും ഞാനും ബാറ്റ് ചെയ്തപ്പോൾ വിക്കറ്റിനെ കുറിച്ചല്ല, പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.
അവർ ഞങ്ങളുടെ ബൗളർമാർക്കെതിരേ ഷോർട്ട്പിച്ച് പന്തുകൾ എറിഞ്ഞു. ഇഷാന്ത്, ഭുവി, ഷാമി, ബുംറ എന്നിവരെയൊക്കെ അവർ ബൗണ്സറുകൾകൊണ്ടാണു നേരിട്ടത്. ഇത് ഒരു അപകടകരമായ വിക്കറ്റാണെന്ന് എനിക്കു തോന്നുന്നില്ല- രഹാനെ പറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ ഹാഷിം അംല 60 റണ്‍സ് സ്കോർ ചെയ്തപ്പോൾ വിക്കറ്റിലെ അപകടത്തെക്കുറിച്ച് ആരും പറയുന്നതുകേട്ടില്ലെന്നും രഹാനെ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ ബൗണ്‍സർ നെറ്റിയിൽകൊണ്ട് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഡീൻ എൽഗർ നിലത്തു വീണതിനെ തുടർന്ന് മൂന്നാം ദിനത്തിലെ കളി അവസാനിപ്പിക്കാൻ അന്പയർമാർ തീരുമാനിച്ചിരുന്നു.
കളി മുന്നേറുംതോറും പേസിന് അനുകൂലമാകുന്ന പിച്ചിൽ ഇന്ത്യയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക, 8.3 ഓവറിൽ 17/1 എന്ന നിലയിൽ നിൽക്കുന്പോഴാണ് കളി അവസാനിപ്പിക്കാൻ അന്പയർമാർ തീരുമാനിച്ചത്. നാലു റണ്‍സ് നേടിയ മാർക്രത്തിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടപ്പെട്ടത്. ഷാമിക്കാണു വിക്കറ്റ്. ഹാഷിം അംല(2)യാണ് 11 റണ്‍സ് നേടിയ എൽഗറിനു കൂട്ട്. രണ്ടു ദിവസവും ഒന്‍പതു വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാൻ 224 റണ്‍സ് വേണം.