കൊച്ചി: ശബരിമലയ്ക്കു പുറപ്പെട്ട യുവതിയുടെ വീടിനുനേരെ ഒരു സംഘത്തിന്റെ ആക്രമണം. ഇന്നു രാവിലെ കനത്ത പോലീസ് സന്നാഹത്തോടൊപ്പം മല കയറിയ കൊച്ചി പനന്പിള്ളി നഗർ സ്വദേശി രഹന ഫാത്തിമയുടെ വീടാണ് ഒരു സംഘം അടിച്ചു തകർത്തത്.
പനന്പിള്ളി നഗർ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. ഇവർ ബി എസ്എൻഎൽ ജീവനക്കാരിയാണ്. വീട് തകർത്തതായുള്ള വിവരം ആരോ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. രാവിലെ എട്ടോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടംഗ സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ജനൽ ചില്ലുകൾ തല്ലിത്തകർത്ത സംഘം ചെടിച്ചട്ടികളും മറ്റും തല്ലിത്തകർത്തതായും പോലീസ് പറഞ്ഞു. ആക്രമണം നടന്ന സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. ആക്രമണം നടത്തിയവരെ ഉടൻതന്നെ പിടികൂടാനാകുമെന്നാണു പോലീസ് കരുതുന്നത്. ഇതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്.
ഇന്നു രാവിലെ കനത്ത പോലീസ് സന്നാഹത്തോടൊപ്പം മല കയറിയ രണ്ട് യുവതികളിൽ ഒരാളായിരുന്നു കൊച്ചി സ്വദേശിയായ രഹന ഫാത്തിമ. ഇവർ നടിയും മോഡലും ആക്ടിവിസ്റ്റുമാണെന്നാണു ലഭിക്കുന്ന വിവരം. ഈ വിവരം പുറത്തുവന്നതോടെയാണു വീടിനുനേരേ ആക്രമണം ഉണ്ടായതെന്നാണു സൂചന.