കൊച്ചി: ശബരിമല കയറാനെത്തിയ രഹന ഫാത്തിമയുടെ വീട് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് റിമാൻഡിൽ. ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്റായ പി.ബി.ബിജുവിനെയാണ് എറണാകുളം അഡീഷണൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത പോലീസ് കോടതിയിൽ ഹാജരാക്കിയ സമയത്ത് ഇയാൾക്കുവേണ്ടി ജാമ്യമെടുക്കാൻ ആരും എത്തിയിരുന്നില്ല. ഇതേതുടർന്ന് 14 ദിവസത്തേക്ക് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
രഹനയുടെ പനന്പള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബിഎസ്എൻഎൽ ക്വാർട്ടേഴ്സിലാണ് രഹന ഫാത്തിമ താമസിക്കുന്നത്. അതിനാൽ പൊതുമുതൽ നശിപ്പിച്ച കേസാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്.
ശബരിമല കയറുന്നതിനായി രഹന ഫാത്തിമയും വനിതാ ജേർണലിസ്റ്റ് കവിതയും സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുകയായിരുന്നു. യുവതികൾ പ്രവേശിച്ചാൽ ശ്രീകോവിൽ അടയ്ക്കുമെന്നു തന്ത്രി നിലപാടെടുക്കുകയും പോലീസിനോടു മടങ്ങാൻ ദേവസ്വം മന്ത്രിയും നിർദ്ദേശിക്കുകയും ചെയ്തതോടെയായിരുന്നു മടക്കം.