പത്തനംതിട്ട: വിശ്വാസികള്‍ അല്ലാത്തവര്‍ ശബരിമലയില്‍ എത്തിയാല്‍ നട അടയ്ക്കും എന്ന് തന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് രഹന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയും തിരിച്ചിറങ്ങുന്നു. യുവതികൾ പതിനെട്ടാംപടി ചവിട്ടിയാൽ ശ്രീകോവിൽ അടച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠര് രാജീവര് ഐജി ശ്രീജിത്തിനെ അറിയിച്ചിരുന്നു.
തന്ത്രിയുടെ നിലപാടിനെ തുടർന്ന് മലയിറങ്ങാമെന്ന് യുവതികൾ അറിയിക്കുകയായിരുന്നു. രഹന ഫാത്തിമയെയും കവിതയെയും കൊണ്ട് കനത്ത സുരക്ഷയിൽ പോലീസ് ഇപ്പോൾ മലയിറങ്ങുകയാണ്. സ്വാമി അയ്യപ്പന് റോഡ് വഴിയാണ് യുവതികളുമായി പോലീസ് തിരിച്ച് പമ്പയിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുന്നത്. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹന മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുവതികൾ സന്നിധാനത്തുനിന്നു മടങ്ങിയതിനെ തുടർന്ന് പരികർമികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പോലീസ് കാവലിൽ യുവതികളെ സന്നിധാനത്തെത്തിച്ചത്. ഇവിടെ ശക്തമായ പ്രതിഷേധമാണ് ഭക്ത ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായത്.
ഇതിനു പിന്നാലെ നിലപാട് മയപ്പെടുത്തി സർക്കാർ രംഗത്തെത്തി. യുവതികളുമായി സന്നിധാനത്തുനിന്നും തിരിച്ചിറങ്ങാന്‍ പോലീസിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിര്‍ദേശം നല്കി. വിശ്വാസികൾക്ക് സംരക്ഷണം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി പറഞ്ഞു.