പത്തനംതിട്ട: സന്നിധാനത്ത് നടപ്പന്തലിലെത്തിയ രഹ്ന ഫാത്തിമയുടെ ഇരുമുടികെട്ട് അടിയന്തരമായി പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ഇരുമുടിക്കെട്ടിൽ നാപ്കിനാണെന്നാണ് രഹന തന്നെ പറയുന്നത്. പോലീസ് വേഷം ധരിപ്പിച്ച് സ്ത്രീകളെ മല ചവുട്ടിച്ചത് ചട്ട ലംഘനമാണ്. ഐജി ശ്രീജിത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം.
ശബരിമല പൂജാരിമാർ ഉൾപ്പെടെ കോവിലും പൂജയും ഉപേക്ഷിച്ച് സമരത്തിനിറങ്ങിയത് ദേവസ്വം മന്ത്രിയുടെ കഴിവ് കേടാണ്. നിരോധനാജ്ഞ നിലനിൽക്കാത്ത വടശേരിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താനുൾപ്പെടെയുള്ള വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് മനോജ് ഏബ്രഹാം എന്ന പോലീസുകാരന്റെ ആജ്ഞ പ്രകാരമാണ്. തുടർച്ചയായി നിയമ ലംഘനം നടത്തുന്ന അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു.