കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പേരില്‍ പത്തനംതിട്ട പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന രഹനയുടെ ആവശ്യം കോടതി നിരാകരിച്ചു. പോലീസിന് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു
ഫേസ്ബുക്കിൽ അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ രഹന പോസ്റ്റ് ചെയ്തെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പരാതിയിലാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തും വിധമായിരുന്നു ഫോട്ടോയെന്നായിരുന്നു പരാതി. എന്നാൽ തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ പറഞ്ഞു.
നേരത്തെ, ശബരിമല കയറാൻ രഹന എത്തിയത് വൻവിവാദമായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹനയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല. രഹനയുടെ പനംപള്ളി നഗർ ഫ്ലാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.