തളിപ്പറമ്പ്: രോഗിയുമായി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. നടുവില്‍ മണ്ടളം സെന്റ് ജൂഡ് പള്ളിക്ക് സമീപത്തെ പരേതനായ യോഹന്നാന്-അന്നമ്മ ദമ്പതികളുടെ മകന് നടുപ്പുരയില്‍ റെജി (46) യാണ് മരിച്ചത്.
റെജിയുടെ ബന്ധു സുനിലിനെ (30) തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം. കരള്‍രോഗിയായ റെജിക്ക് അസുഖം കൂടിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ബന്ധുക്കള്‍ ജീപ്പില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്.
പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ. റെജിയുടെ ഭാര്യ: ലത. മക്കള്‍: റിജന്‍സ്, റിന്‍സി. സഹോദരങ്ങള്‍: സാലി, സിബി, ലൂസി, മിനി, ബിജു.