റെജി ജോസഫ്
കോട്ടയം: പ്രളയം കുട്ടനാടിനെ വിഴുങ്ങുന്ന ഭയാനകമായ വാർത്തകൾ കേട്ടതുമുതൽ വിദേശത്തു കഴിയുന്ന ആ മക്കൾ ആശങ്കയിലായിരുന്നു. പുളിങ്കുന്ന് കായൽപ്പുറം മുത്തുണ്ണി വീട്ടിൽ ഒൗസേപ്പ് വർഗീസും ഭാര്യ മറിയാമ്മയും പുളിങ്കുന്നിലെ വീട്ടിൽ തനിച്ചാണ്.
മക്കൾ ആശങ്കയോടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. എന്നാൽ, അഞ്ചു ദിവസം രാപകൽ വിളിച്ചിട്ടും ഫോണിൽ മറുപടിയുണ്ടായില്ല. മാതാപിതാക്കൾക്ക് എന്തു സംഭവിച്ചു എന്ന ആശങ്കയിൽ മക്കൾ അയൽവീടുകളിലും ബന്ധുവീടുകളിലുമൊക്കെ വിളിച്ചു.
പക്ഷേ, ആരെയും തന്നെ ഫോണിൽ കിട്ടുന്നില്ല. ഒാരോ ദിവസവും ടിവിയിലും ഓണ്ലൈൻ പത്രങ്ങളിലും വരുന്ന വാർത്തകൾ ആശങ്കയോടെ വായിച്ചു കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജിസണ് പോൾ വേങ്ങാശേരിയുടെ അഭ്യർഥന കേൾക്കാനായത്.
ചങ്ങനാശേരി അതിരൂപതയിലെ എസ് എംവൈഎം പ്രവർത്തകർക്കൊപ്പം വള്ളങ്ങളിലും നീന്തിയും ഒറ്റപ്പെട്ടുകഴിയുന്ന ദുരിതബാധിതർക്കു ഭക്ഷണവും മരുന്നും എത്തിച്ചുവരികയാണ് ഫാ. ജിസണ് പോൾ. കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിനു ജനങ്ങളുടെ ആശ്വാസത്തിനായി പ്രാർഥിക്കണമെന്നും പറ്റുന്ന സഹായങ്ങൾ നൽകണമെന്നുള്ള അഭ്യർഥനയ്ക്കൊപ്പം അദ്ദേഹത്തിന്റെ മൊബൈൽ നന്പറും ചേർത്തിരുന്നു.
ഇതോടെ അവർ ഈ മൊബൈൽ നന്പറിൽ വിളിച്ചു. മാതാപിതാക്കളെക്കുറിച്ച് ഒരു വിവരവുമില്ലെന്നും എങ്ങനെയും രക്ഷിക്കണമെന്നും അഭ്യർഥിച്ചു. ഇതോടെ ഫാ. ജിസണും കെസിവൈഎം പ്രവർത്തകരും കായൽപോലെ പരന്നൊഴുകുന്ന പ്രദേശങ്ങളിലൂടെ വള്ളം തുഴഞ്ഞ് ഒരു വിധം വീടു കണ്ടെത്തി.
വെള്ളം നിറഞ്ഞ വീട്ടിൽ ആവശ്യത്തിനു ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ദിവസങ്ങളായി ആധിയോടെ കഴിയുന്ന വയോധികരെയാണ് ഇവർക്കു കാണാനായത്. അടിയന്തര ചികിത്സാ സഹായം വേണ്ട സ്ഥിതിയിലായിരുന്നു ഇവർ.
ഇന്നലെ വൈകുന്നേരം മരുന്നും ഭക്ഷണവുമായി കിലോമീറ്ററുകൾ തുഴഞ്ഞ് ഈ സന്നദ്ധസംഘം വീണ്ടും ഈ വീട്ടിലെത്തി വയോധികർക്ക് ആശ്വാസം പകർന്നു. ഒപ്പം വിദേശത്തുള്ള മക്കളെ വിളിച്ച് അവരുടെ മാതാപിതാക്കൾ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചു.