റെജി ജോസഫ്
വോട്ടറുടെ ബോധ്യങ്ങളെയും നിലപാടുകളെയും തീരുമാനത്തെയും നിര്‍ണയിക്കുന്നതില്‍ മാധ്യമസ്വാധീനം ഇക്കാലത്ത് സുപ്രധാനമാണ്. നിഷ്പക്ഷമതികളുടെയും യുവജനങ്ങളുടെയും വോട്ടുകളാണ് പലപ്പോഴും ജയവും തോല്‍വിയും നിര്‍ണയിക്കുക. ഈ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയയെ പാര്‍ട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.
സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താനും ദേശീയതയെ അരക്കിട്ടുറപ്പിക്കാനും സ്ഥാപിതമായതെന്ന് അവകാശപ്പെടുന്ന പല പ്രസിദ്ധീകരണങ്ങളും പില്ക്കാലത്ത് വാണിജ്യവത്കരിക്കപ്പെട്ടു. ഇവയൊക്കെ രാഷ്ട്രീയ താല്പര്യം പുലര്‍ത്തുന്ന വന്‍കിട കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലേക്കും നിയന്ത്രണത്തിലേക്കും വന്നതോടെ നിഷ്പക്ഷത എന്ന പക്ഷം അപ്രസക്തമായി.
രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സ്വന്തമായി പത്രങ്ങളും ടെലിവിഷനുകളും ഇതര പ്രസിദ്ധീകരണങ്ങളുമുണ്ട്. വസ്തുതകളെ വളച്ചൊടിക്കുക മാത്രമല്ല സ്വന്തം താല്പര്യങ്ങളെ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായി മാധ്യമങ്ങളെ രാഷ്ട്രീയം മാറ്റിയെടുത്തു.
ഇതിനൊപ്പം പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളെയും ജനവികാരം അനുകൂലമാക്കാവും പ്രതിയോഗികളെ താറടിക്കാനും ഉപയോഗിക്കുന്നു.നിഷ്പക്ഷമെന്ന് അവകാശപ്പെടുമ്പോഴും ഏറെ മാധ്യമങ്ങളും താല്പര്യമുള്ള പാര്‍ട്ടികളെയും സര്‍ക്കാരുകളെയും അന്ധമായി പിന്തുണയ്ക്കുന്നു.
ഒപ്പം എതിര്‍പക്ഷത്തെ വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു.മുഖ്യധാരാ മാധ്യമങ്ങലെ രാഷ്ട്രീയ കോടീശ്വരന്മാര് വാങ്ങുകയോ ഓഹരികള്‍ സ്വന്തമാക്കുകയോ ചെയ്യുന്നു. വന്‍കിട പത്ര, ചാനല്‍ സ്ഥാപനങ്ങളില്‍ ശതകോടികള്‍ ഓഹരിയിറക്കി സ്വാധീനം ഉറപ്പിച്ചവരാണ് ദേശീയ പാര്ട്ടികളേറെയും.
വീഴ്ചയും വിമര്ശനവുമുണ്ടാകുമ്പോള് ജനശ്രദ്ധ മാറ്റിവിടാന്‍ സെന്‍സിറ്റീവ് വാര്‍ത്തകളെ സൃഷ്ടിക്കുന്നതും ഇമേജ് മെച്ചപ്പെടുത്തുന്നതുമൊക്കെ മീഡിയ മാനേജ്മെന്റിനെ തന്ത്രപരമായി പ്രയോജനപ്പെടുത്തിയാണ്.ഓരോ നിമിഷവും ജനങ്ങളെ സ്വാധീനിക്കുന്നവയാണ് മാധ്യമങ്ങള്‍.
അതിനാല്‍ സത്യം തിരിച്ചറിയാനോ ന്യായം മനസിലാക്കാനോ വോട്ടര്‍ക്ക് സാധിക്കില്ല. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പരസ്യങ്ങളും ഔദാര്യങ്ങളും കാക്ഷിക്കുന്നതിനാല് നിഷ്പക്ഷതയുടെ പക്ഷം പുലര്‍ത്താന്‍ ഏറെ മാധ്യമങ്ങള്‍ക്കും സാധിക്കില്ല.
ഭരണത്തിലിരിക്കുന്നവരുടെ തണലും തലോടലുമില്ലാതെ മാധ്യമവ്യവസായത്തിനു നിലനില്‍പ്പില്ല. അതിജീവനത്തിനായി പൊരുതുന്ന മാധ്യമങ്ങള്‍ പലപ്പോഴും സര്‍ക്കാരിന്റെയും പാര്‍ട്ടികളുടെയും നേതാക്കളുടെയും പക്ഷം ചേരാന്‍ ഇത്തരത്തില്‍ നിര്‍ബന്ധിതരാകുന്നു.
പെയ്ഡ് ന്യൂസ്
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത പൊട്ടാണ് പെയ്ഡ് ന്യൂസ്. 1950കളില്‍ വന്‍കിട മാധ്യമങ്ങള്‍ തുടക്കമിട്ട വാര്ത്താവ്യാപാരം പിന്നീട് ചില ഭാഷാ പത്രങ്ങളിലേക്കും മാസികകളിലേക്കും പടര്‍ന്നതായാണ് ആക്ഷേപം.
ടെലിവിഷന്‍ ചാനലുകളിലും സ്പോണ്‍സേഡ് പരിപാടികളുടെ അതിപ്രസരമുണ്ട്. സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ അറിയിക്കുന്ന പരസ്യങ്ങള്‍ ലഭിക്കുക സ്വാഭാവികമാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തും മറ്റം പ്രതിഫലത്തിനായി വാര്‍ത്തകളെ വിന്യസിക്കുന്നതായുള്ള ആക്ഷേപം.
പണമോ ഉപഹാരങ്ങളോ നല്കി മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തരെയും സ്വാധീനിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പലപ്പോഴും നടപടികളെടുത്തിട്ടുണ്ട്.
ഇക്കാലത്തും നിരീക്ഷണവും നടപടികളും തുടരുന്നുമുണ്ട്. രാജ്യത്ത് പെയ്ഡ് ന്യൂസ് നിലവിലുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ രഹസ്യാന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തില്‍ ധാര്‍മികതയെ നശിപ്പിച്ചതിന്റെ പേരില്‍ വിവിധ മുഖ്യമന്ത്രിമാരും മന്ത്രിമാരും എംഎംഎമാരും പുറത്തായിട്ടുമുണ്ട്.
ജനകീയ മാധ്യമങ്ങളുടെ വാര്‍ത്താ ഇടവും സമയവും സമൂഹത്തിന്റെ മനോവികാരത്തെ സ്വാധീനിക്കാന്‍ തക്കവിധം പാര്‍ട്ടികളും നേതാക്കളും പണം നല്കി അപഹരിക്കുന്നതായുള്ള ആരോപണം വര്‍ധിച്ചുവരികയാണ്.
കൂടാതെ സിനിമ, നാടകം, സംഗീതം എന്നിവയുള്‍പ്പെടെ മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണ ആയുധങ്ങളാക്കി മാറ്റുന്നു. സിനിമ, കായിക സെലിബ്രിറ്റികളെ പാര്‍ട്ടികള്‍ വന്‍പ്രതിഫലം നല്കി പര്യടനത്തിനും പ്രസംഗത്തിനും ഇറക്കുന്നതും പതിവായിരിക്കുന്നു.
സ്വന്തം പാര്‍ട്ടിയുടെ നേട്ടത്തെ പുകഴ്ത്തുക മാത്രമല്ല എതിര്‍കക്ഷികളെ ഇകഴ്ത്താനും പാര്‍ട്ടികള്‍ അവസരോചിതമായ നീക്കം നടത്തുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക നിരീക്ഷണ പരിധിയില്‍ വരാന്‍ കാരണം പെയ്ഡ് ന്യൂസ് ആരോപണം തന്നെ.
രാഷ്ട്രീയ മൂല്യശോഷണം
ജനാധിപത്യ സംവിധാനം കുറ്റമറ്റതാക്കാന്‍ രാജ്യത്ത് നിരവധി നിയമനിര്‍മാണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ബാലറ്റു പേപ്പറിനു പകരം വോട്ടിംഗ് യന്ത്രം വന്നതല്ലാതെ തെരഞ്ഞെടുപ്പ് അര്‍ഥപൂര്‍ണമായ ഒരു പ്രക്രിയയായി ഇനിയും മാറിയിട്ടില്ലെന്നതാണ് വസ്തുക.
മൂല്യശോഷണം തെരഞ്ഞെടുപ്പു പ്രക്രിയയെയും സാരമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയിലെ പാര്‍ട്ടി സംവിധാനത്തില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാതെ വരുമ്പോള്‍ കൂറുമാറ്റം പതിവായിരിക്കുന്നു.
ജനകീയാസൂത്രണം, ഗ്രാമസഭ എന്നിവയൊക്കെ താഴേത്തട്ടിലുള്ള അടിസ്ഥാന വികസനത്തിലാണ് ഊന്നുന്നത്. അതിനാല്‍ ഗ്രാമങ്ങളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുപോലും അനുചിതമാണ്.
പലപ്പോഴും അഴിമതിക്കും ധൂര്‍ത്തിനും മാത്രമായി മാറിയിരിക്കുന്നു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍. ഓരോ ഗ്രാമവും പ്രദേശത്തിനാവശ്യമായ വികസന മാതൃകകള്‍ രൂപപ്പെടുത്തുകയും അനുയോജ്യരായ പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്.
(തുടരും)