ഇന്‍ഡോര്‍: മുംബൈ തകര്‍ത്ത് ഗുജറാത്ത് രഞ്ജി ട്രോഫിയില്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ സെഞ്ചുറിയിലൂടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജയം അനായാസമായി. പാര്‍ഥിവ് 143 റണ്‍സ് നേടി. 54 റണ്‍സ് നേടിയ മന്‍പ്രീത് ജുനേജ ക്യാപ്റ്റന്‍ ഉറച്ച പിന്തുണ നല്കി. രുജുല്‍ ഭട്ട് (27), ചിരാഗ് ഗാന്ധി (11) എന്നിവര്‍ പുറത്താകാതെ നിന്നു.
ഫൈനലിന്റെ ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ പാര്‍ഥിവ് മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി.
വിക്കറ്റ് നഷ്ടപ്പെടാതെ 47 എന്ന നിലയിലാണ് ഗുജറാത്ത് അഞ്ചാം ദിനം തുടങ്ങിയത്. പിന്നീട് 89/3 എന്ന നിലയിലേക്ക് പരുങ്ങിയെങ്കിലും നായകന് പാര്‍ഥിവ് ക്രീസിലെത്തിയതോടെ ഗുജറാത്ത് ജീവശ്വാസം വീണ്ടെടുത്തു.
പാര്‍ഥിവ്–ജുനേജ സഖ്യം നാലാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഗുജറാത്തിന് കിരീടത്തിലേക്ക് വഴിതുറന്നത്. മൂംബൈയ്ക്ക് വേണ്ടി ബല്‍വീന്ദര്‍ സന്ധു രണ്ടു വിക്കറ്റ് വീഴ്ത്തി.സ്കോര്‍: മുംബൈ ഒന്നാം ഇന്നിംഗ്സ് 228, രണ്ടാം ഇന്നിംഗ്സ് 411. ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് 328, രണ്ടാം ഇന്നിംഗ്സ് 313/5.