അടിമാലി: റെജി ശങ്കറിന്റെയും കുടുംബത്തിന്റെയും കഥ കേട്ടാൽ ഒരു നിമിഷം കണ്ണു നിറയാത്തവരായി ആരും ഉണ്ടാവില്ല.
ഒരു കുടുംബത്തിലെ നാലു മക്കളും മാതാപിതാക്കളുമടക്കം ഏഴുപേരും ഗുരുതര രോഗത്തിന്റെ മുന്നിൽ പകച്ചുനിൽക്കുകയാണ്.
അടിമാലിക്കു സമീപം ഇരുന്പുപാലം മെഴുകുംചാലിൽ വാടകയ്ക്കു താമസിക്കുന്ന സായ്ബോധി വീട്ടിൽ റെജി ശങ്കറി(57)ന്റെ കുടുംബമാണ് ജീവിതപാതയിൽ ഒരടി മുന്നോട്ടു വയ്ക്കാനാകാതെ നിൽക്കുന്നത്.
ആർട്ടിസ്റ്റായിരുന്ന റെജിക്കു മൂന്നു പ്രാവശ്യമാണ് ഹൃദ്രോഗമുണ്ടായത്. ഇതിന്റെ ചികിത്സ തുടരുന്നതിനിടെ മറ്റൊരു സങ്കടവാർത്തയെത്തി.
ഭാര്യ അരുന്ധതി മധുമേഘ(44)യ്ക്കു കാൻസർ ബാധിച്ചിരിക്കുന്നു. കാൻസർ രോഗത്തിന്റെ മൂന്നാം സ്റ്റേജിലാണ് കണ്ടെത്തുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ തുടരുകയാണ്. ഇവർക്കു നാലു മക്കളാണുള്ളത്. മൂത്ത മൂന്നു പെണ്മക്കൾക്കും നട്ടെല്ലിനെ ബാധിക്കുന്ന “സ്കോളിയാസിസ്’ രോഗമാണ്.
ആറു വയസുള്ള ഇളയ മകനു പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തിയതോടെ റെജിയും ഭാര്യയും ആകെ തളർന്നു.
അരുന്ധതിയുടെ പിതാവും ഇവരോടൊപ്പമാണ് താമസം. 74 വയസുള്ള പിതാവിന്റെ ഒരു വൃക്ക പൂർണമായും രണ്ടാമത്തെ വൃക്ക 90 ശതമാനവും പ്രവർത്തനരഹിതമാണ്.
റെജിയുടെ 19 വയസുള്ള മൂത്ത മകൾ 2019ൽ നാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും പ്രായം കുറഞ്ഞ ജൂറി ആയിരുന്നു. അരുന്ധതി കവയിത്രി കൂടിയാണ്.
ഈ മികച്ച കലാ കുടുംബമാണ് ഇന്നു കണ്ണീരുമായി കഴിഞ്ഞുകൂടുന്നത്. കത്തോലിക്കാ പള്ളിയുടെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ മുറിയിൽ താമസിച്ചാണ് കാൻസർ റേഡിയേഷൻ അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സ നടത്തിവരുന്നത്.
ഒട്ടനവധി കുടുംബങ്ങൾക്ക് അത്താണിയായ മലയാളി സമൂഹം തങ്ങളെ യും ജീവിതത്തിലേക്കു തിരികെ കൈപിടിച്ചു നടത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇവർക്കു കയറിക്കിടക്കാൻ സ്വന്തമായി വീടു പോലും ഇല്ല.