പെരുമ്പാവൂർ: “ ഓടിട്ട വീട് മാറ്റി ഒരു വീട് പണിയണം. കൂടാതെ നാട്ടുകാർക്ക് ജോലി കൊടുക്കാവുന്ന ഒരു സ്ഥാപനവും തുടങ്ങണം.” സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മൺസൂൺ ബംബർ ഒന്നാം സമ്മാനമായ അഞ്ച് കോടി അടിച്ച കോടനാട് കുറിച്ചി ലക്കോട് കിഴക്കാപ്പുറത്തുകുടി വീട്ടിൽ റെജിൻ കെ. രവിയുടെ വാക്കുകളാണിത്.
37 കാരനായ റെജിൻ ബംബർ അടിച്ച വിവരം ഇന്നലെ രാവിലെ പത്തോടെയാണ് അറിയുന്നത്. പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലുള്ള പവർലിംഗ് എൻജിനിയറിംഗിൽ ജോലി ചെയ്യുന്ന റെജിൻ ടിക്കറ്റ് ഓഫീസിൽ വച്ചിട്ടാണ് പോയത്.
ഇന്നലെ രാവിലെ ഓഫീസിലെ ജോലി കഴിഞ്ഞ് മൊബൈലിൽ നോക്കിയപ്പോഴാണ് എംഡി സീരിയലിൽ തുടങ്ങിയ നമ്പറിന് ഒന്നാം സമ്മാനം ഉള്ളതായി കണ്ടു. പിന്നീട് നോക്കിയപ്പോൾ തനിക്ക് തന്നെയാണ് ടിക്കറ്റ് അടിച്ചതെന്ന് മനസിലായത്. ഉടൻ ഭാര്യയെ വിവരം അറിയിച്ചു. പിന്നീട് കുറച്ച് ബന്ധുക്കളെയും അറിയിച്ചു.
തുടർന്ന് ഉച്ചയോടെ പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലെത്തി ടിക്കറ്റ് മാനേജർക്ക് കൈമാറുകയാണുണ്ടായത്. സ്ഥിരം ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലം ഇല്ലെങ്കിലും ബംബർടിക്കറ്റുകൾ പലതും ഒരോന്ന് എടുക്കാറുണ്ട്.
രണ്ട് വർഷം മുൻപ് 5000 രൂപ ഓണ ബംബർ അടിച്ചിരുന്നു. ഭാര്യ സിബി വീടിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരി വരെ കുറിച്ചിക്കോട് ജംഗ്ക്ഷനിൽ മത്സ്യ കച്ചവടം നടത്തി വരികയായിരുന്നു റെജിൻ. ഏക മകൾ നൈമിക എൽകെജി വിദ്യാർഥിനിയാണ്. പെരുമ്പാവൂരിലുള്ള ലോട്ടറി കട നടത്തുന്ന രാജന്റെ പക്കൽനിന്നാണ് റെജിൻ ലോട്ടറി ടിക്കറ്റ് എടുത്തത്.