വിഴിഞ്ഞം: സജികുമാറിന്റെ മരണശേഷമുള്ള ഒളിവ് ജീവിതത്തിനിടയിൽ സജീവൻ മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചത് വിനയായി.
വീട്ടുകാരുടെയും ബന്ധുക്കളുടെയും ഫോണുകൾ നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് കിട്ടിയ അവസരം മുതലാക്കി.
സജീവൻ ഭാര്യയെ വിളിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സങ്കേതം മനസിലാക്കിയ പോലീസ് സജീവനെയും, റെജിയേയും പൊക്കി.
സ്വന്തം ഫോണുകൾ സ്വിച്ച് ഓഫാക്കിയ ശേഷം മാറി മാറിയുള്ള ഒളിവ് ജീവിതം നയിച്ച പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ ദിവസങ്ങളായി വെള്ളം കുടിപ്പിച്ചിരുന്നു.
വിഴിഞ്ഞം ഉച്ചക്കടയിൽ കുത്തേറ്റ് വീണ സജികുമാറിനെ റെജിയുടെ സങ്കേതത്തിൽ എത്തിച്ചശേഷം അവിടെ നിന്ന് റെജിയുടെ തന്നെ കാറിലായിരുന്നു മൂവർസംഘം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മരണം ഉറപ്പായതോടെ സംഘം മെഡിക്കൽ കോളജിൽ നിന്ന് മുങ്ങി. പ്രധാന പ്രതികളായ ബിജുവിനെയും രാജേഷിനെയും അറസ്റ്റ് ചെയ്തെങ്കിലും റെജിയേയും രാജീവനെയും സുധീറിനെയും പിടികൂടാനുള്ള ശ്രമം വിഫലമായി.
മൊബൈൽ ഓഫാക്കിയുള്ള മുങ്ങൽ അന്വേഷണത്തെ ബാധിച്ചു. ഇവർ പോകാവുന്ന സ്ഥലങ്ങളിൽ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ബന്ധുക്കളുടെയും വീട്ടുകാരുടെയും ഫോണുകൾ നിരീക്ഷണത്തിലാക്കി.
ഇതിനിടയിലാണ് ഇന്നലെ രാവിലെ മറ്റൊരാളുടെ ഫോണിൽ നിന്ന് സജീവന്റെ വീട്ടിലേക്കുള്ള വിളി.
ടവർ ലൊക്കേഷൻ കാർഷിക കോളജിനു സമീപമെന്ന് കണ്ടെത്തിയതോടെ വിഴിഞ്ഞം എസ്ഐയും സംഘവും അങ്ങോട്ട് തിരിച്ചു. കോളിയൂരിനു സമീപം എത്തിയ പോലീസ് ആളൊഴിഞ്ഞ മേഖലകളിൽ വ്യാപക തെരച്ചിൽ തുടങ്ങി.
ഇതിനിടയിലാണ് ഇടിഞ്ഞ് വീഴാറായ പഴയ ഒരു വീട്ടിൽ പ്രതികൾ ഉള്ളതായ വിവരം ലഭിച്ചത്. പോലീസ് വീട് വളയുന്നതുകണ്ട സംഘം ഇറങ്ങി ഓടി.
പിന്നാലെ ഓടിയ പോലീസ് റെജിയേയും സജീവനെയും ഏറെ പാടുപെട്ട് കീഴടക്കി. ഇതിനിടയിൽ സുധീർ രക്ഷപ്പെട്ടു.
മാറി മാറിയുള്ള താമസത്തിനിടയിൽ രണ്ട് ദിവസം മുൻപാണ് സംഘം ഇവിടെ താവളമടിച്ചത്.
സ്വന്തമായി കഞ്ഞി വച്ച് കുടിച്ച് കഴിഞ്ഞിരുന്ന സംഘം പോലീസ് എത്തുമ്പോഴും കഞ്ഞി വയ്ക്കുന്ന തിരക്കിലായിരുന്നു.