ജോബി തെക്കേക്കുന്നേൽ
കോതമംഗലം: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നിർധന യുവതിയും മാതാപിതാക്കളുമടങ്ങുന്ന കുടുംബം. പാലമറ്റം കോർട്ടിനു സമീപം പെരിയാറിന്റെ കാച്ച്മെന്റ് ഏരിയയിലാണ് രഞ്ജിനിയും കാഴ്ചക്കുറവുള്ള പിതാവ് മാസിലമണിയും കൈയ്ക്ക് സ്വാധീനകുറവുള്ള മാതാവ് ധനലക്ഷ്മിയും അടങ്ങുന്ന കുടുംബം കഴിഞ്ഞുവന്നിരുന്നത്.
ഒരുമാസം മുന്പ് ഇവരുടെ മുത്തച്ഛൻ കാൻസർ ബാധിച്ചു മരിച്ചു. തലയിൽ ട്യൂമർ ബാധിച്ച് ചികിത്സ തുടരുന്നതിനിടെ പ്രായമായ മാതാപിതാക്കളുടെ സംരക്ഷണവും രഞ്ജിനിയുടെ ചുമലിലായി. രോഗം ശരീരത്തെ തളർത്തിയിട്ടും മനസു തളരാത്ത രഞ്ജിനി അച്ചാർ നിർമിച്ച് വീടുകളിൽ വിപണനം നടത്തിയാണ് ആദ്യ കാലങ്ങളിൽ ചികിത്സയ്ക്കും മറ്റുമുള്ള ആദ്യം കണ്ടെത്തിയിരുന്നത്.
അതിനു ശേഷം പയർ, പരിപ്പ് എന്നിവ ചെറു പായ്ക്കുകളിലാക്കി തലച്ചുമടായി വീടുകൾ കയറിയിറങ്ങിയും വിൽപന നടത്തിവന്നു. ഇവരുടെ ദയനീയതയിൽ അലിവുതോന്നിയ നാട്ടുകാരിൽ ചിലർ അച്ചാർ ഉണ്ടാക്കുന്നതിനു ചെറിയ മുറിയും പച്ചക്കറി വില്പന തുടങ്ങാൻ ഉന്തുവണ്ടിയും നൽകി.
എന്നാൽ അപ്രതീക്ഷിതമായെത്തിയ പ്രളയം ഈ നിർധന കുടുംബത്തെ തകർത്തെറിയുകയായിരുന്നു. ട്യൂമറിന്റെ ചികിത്സയ്ക്കായി പലരിൽനിന്നു കടംവാങ്ങിയ പണംപോലും മടക്കിനൽകാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് മറ്റൊരു ദുരന്തം കൂടി ഇവരെ വേട്ടയാടിയത്. പ്രളയത്തിൽ പെരിയാറിന്റെ തീരത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു.
ക്യാന്പിലേക്ക് മാറിയ ഇവർ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചെളിനിറഞ്ഞ വീടും വീട്ടുപകരണങ്ങളും. ഉടുതുണിയല്ലാതെ മറ്റെല്ലാം ചെളിയിൽ മൂടി. ഭക്ഷണം പാകം ചെയ്യുന്നതിനു ഏക ആശ്രയമായിരുന്ന മണ്ണെണ്ണ സ്റ്റൗവും ചെളിയിൽ കുതിർന്നതോടെ അടുപ്പും പുകയാതെയായി.
നാട്ടുകാർ നൽകിയ ഉന്തുവണ്ടിക്കും കേടുപാടുകൾ സംഭവിച്ചതോടെ വരുമാനവും നിലച്ചു. ഇതോടെ പിതാവ് മാസിലമണിയെ ബന്ധുവീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. സുമനസ്കരായ നാട്ടുകാരുടെ പിന്തുണയോടെയാണ് ഇവർ ഇപ്പോൾ കഴിഞ്ഞുവരുന്നത്.
നിലവിൽ താമസ സൗകര്യം ഒരുക്കുന്നതിനും മറ്റു സഹായങ്ങൾ നൽകുന്നതിനും നാട്ടുകാരും ഭക്തസംഘടനകളും ഉൾപ്പെടെയുള്ളവർ രംഗത്തുള്ളതാണ് ഈ കുടുംബത്തിന്റെ ആശ്വാസം.