വടകര: രഞ്ജിത്തിനെ ഓർമയില്ലേ. ചോറോട് ചേന്ദമംഗലത്തെ യുവതിയെ ശല്യം ചെയ്ത കുറ്റത്തിന് ഒരു നാടിന്റെ മുഴുവൻ ശാപത്തിന് ഇരയായ വടകര പഴങ്കാവിലെ ഓട്ടോഡ്രൈവർ രഞ്ജിത്തിനെ. ആറു വർഷം മുന്പ് നടന്ന സംഭവത്തെ കുറിച്ച് ഓർക്കുന്പോൾ 38 കാരൻ രഞ്ജിത്തിന് ഇപ്പോഴും നടുക്കം തന്നെ. താൻ നിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് ആളുകളുടെ ക്രൂര മർദനത്തിനും പോലീസിന്റെ ചീത്തവിളിക്കും തല്ലിനും ജയിൽ വാസത്തിനും ഇരയായതെന്നുമുള്ള രഞ്ജിത്തിന്റെ വാക്കുകൾ സത്യമാണെന്ന് ആറു വർഷത്തിനു ശേഷം തെളിഞ്ഞിരിക്കുന്നു.
ചേന്ദമംഗലത്തെ യുവതിയുടെ പരാതി പ്രകാരം വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രഞ്ജിത്ത് കുറ്റക്കാരനല്ലെന്നു കണ്ട് വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വെറുതെ വിട്ടു.ജീവൻ വെടിയാൻ പോലും ഒരു വേള തീരുമാനിച്ചിരുന്നെങ്കിലും ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും ഓർത്ത് പിന്മാറിയെന്നു മാത്രം. അത്രയേറെ വേദനയാണ് അനുഭവിച്ചത്. അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞുപോന്ന രഞ്ജിത്തും കുടുംബവും നാണക്കേടിന്റെ കയത്തിൽ നിന്നു മുക്തമായിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് ഒരു കൂട്ടമാളുകളുടെ കൊടും ദ്രോഹത്തിനിരയാകേണ്ടി വന്ന കഥയാണ് രഞ്ജിത്തിന്റേത്.
ലോക്കപ്പിലും ജയിലിലും കിടക്കേണ്ടിവന്നു. പോലീസുകാരിൽ നിന്നും കിട്ടി പുളിച്ച വാക്കുകളുടെ അഭിഭേഷകം. യുവതി ആക്രമിക്കപ്പെടുന്നുവെന്ന കഥ വീണ്ടും വീണ്ടും ഉയർന്നപ്പോൾ രഞ്ജിത്തിനെതിരായ രോഷം പതിന്മടങ്ങായിരുന്നു. താൻ നിരപരാധിയാണെന്ന് രഞ്ജിത്ത് പറയുന്നുണ്ടായിരുന്നു. പോലീസ് രഞ്ജിത്തിനെ പ്രതിയാക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങൾ ഏറ്റുപാടി.
പിഎംആർവൈയിലൂടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയും ഒപ്പം വാർപുപണിക്കു പോവുകയും ചെയ്ത് കുടുംബം പോറ്റുന്ന രഞ്ജിത്ത് താൻ നിരപരാധിയാണെന്നു മാലോകരോട് വിളിച്ചുപറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. തന്റെ നിരപരാധിത്വവുമായി ഈ യുവാവ് പഴങ്കാവിലെ സർവകക്ഷി പ്രതിനിധികളെ സമീപിച്ചപ്പോഴും ആശ്വാസവാക്കുകൾ പോലും ലഭിക്കാതെ പോയി.
കോളിളക്കമായി മാറിയ അക്കഥ അറിയുക
2011 സപ്തംബർ നാലാം തിയതി ഞായറാഴ്ച രാവിലെ സുഹൃത്ത് കരിപ്പള്ളി വിനീഷിനോടൊപ്പം തന്റെ ഓട്ടോറിക്ഷയിൽ പഴങ്കാവിൽ നിന്നു വടകര ടൗണിലേക്കു പോവുകയായിരുന്നു രഞ്ജിത്ത്. പരിചയക്കാരായ രണ്ടു പേർ എതിരെ ഓടിവരുന്നത് കണ്ട് ഓട്ടോ നിർത്തി കാര്യം തിരക്കി. നീല ഷർട്ടും കാവി മുണ്ടുമിട്ട ഒരുത്തൻ ഓടിപ്പോകുന്നതു കണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ ഇല്ലെന്നു മറുപടി നൽകി. ഇരുവരും ഓട്ടോറിക്ഷയിൽ യാത്ര തുടർന്നു. തങ്ങൾ ഇരുവരും നീല ഷർട്ടും കാവി മുണ്ടുമാണ് ധരിച്ചതെന്ന കാര്യം ഓർത്തതേയില്ല.
കൊളവട്ടത്തു മുക്കിലെത്തിയപ്പോൾ ചേന്ദമംഗലം ഭാഗത്തു നിന്നെത്തിയ ഒരു സംഘമാളുകൾ ഓട്ടോറിക്ഷ തടഞ്ഞു. അപ്പോഴേക്കും ഒരു ബൈക്കിൽ ഒരു യുവതിയും യുവാവും തന്റെ മുന്നിൽ വന്നുവെന്നു രഞ്ജിത്ത് ഓർക്കുന്നു. ബൈക്കോടിച്ച യുവാവ് പിന്നിലിരുന്ന യുവതിയോട് എന്നെ ലക്ഷ്യമിട്ട് ഇവൻ തന്നെയല്ലേ എന്നു തിരക്കിയപ്പോൾ യുവതി അതെ എന്നു തലയാട്ടി. പിന്നീട് അവിടെ കൂടിയവരൊക്കെ വളഞ്ഞിട്ടു തല്ലുകയായിരുന്നു.
ചേന്ദമംഗലത്തെ യുവതിയെ ശല്യം ചെയ്തവനെ കിട്ടിയെന്നു പറഞ്ഞു ഏതാണ്ടെല്ലാവരും ക്രൂരമർദനത്തിനിരയാക്കി. വായിൽ നിന്നും മൂക്കിൽ നിന്നും ചോര വാർന്നൊഴുകി. താൻ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും ആരും വകവെച്ചില്ല. പരിചയക്കാരൊക്കെ ദേഹത്തു കൈവെച്ചു.
കീറിയ വസ്ത്രങ്ങളും മുറിവേറ്റ ശരീരവുമായി സമീപത്തെ വീട്ടിലേക്കു പാഞ്ഞുകയറി. ഇനി തല്ലിയാൽ ചത്തുപോകുമെന്ന് ആളുകൾ പറയുന്നുണ്ടായിരുന്നു. സ്വന്തം വീട്ടിൽ പോലും പോകാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ-രഞ്ജിത്ത് ഓർക്കുന്നു. ചെയ്യാത്ത കുറ്റത്തിനാണെങ്കിലും പ്രതിയായ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു.
ഞാൻ യുവതിയെ ആക്രമിച്ചുവെന്ന് പറയുന്ന സമയത്തെല്ലാം മറ്റിടത്തായിരുന്നെന്നു ബോധ്യപ്പെടുത്തിയെങ്കിലും ആരും മുഖവിലക്കെടുത്തില്ല. ഒരു ദിവസം ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിലും മറ്റൊരിക്കൽ വാർപ് ജോലിയിലുമാണെന്ന് അന്വേഷിച്ചാൽ വ്യക്തമാവും. ജാമ്യം ലഭിച്ച അവസരത്തിൽ എല്ലാ തിങ്കളാഴ്ചയും വടകര പോലീസ് സറ്റേഷനിലെത്തി ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. ഇതനുസരിച്ച് ഒക്ടോബർ മൂന്നിന് പോലീസ് സ്റ്റേഷനിൽ ഒപ്പിട്ടിറങ്ങിയപ്പോഴാണ് യുവതിയെ രണ്ടു പേർ ചേർന്ന് ആക്രമിച്ചെന്ന പുതിയ കഥ പുറത്തറിയുന്നത്.
യുവതിയെ ആക്രമിക്കാൻ രണ്ടു പേരെ അയച്ചെന്ന കുറ്റമായി പിന്നീട്. ഇത്തവണ ആറു ദിവസം റിമാന്റിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ഏറ്റവും ഒടുവിൽ യുവതി ആക്രമിക്കപ്പെട്ടുവെന്ന കഥ വന്നത് ആ വർഷം ഒക്ടോബർ 22 നായിരുന്നു. അന്ന് ഓട്ടോറിക്ഷ ബ്രേക്കായതിനാൽ വീട്ടിൽ തന്നെയായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പോലീസിനോടൊപ്പം സ്റ്റേഷനിലെത്തി. പോലീസുകാർക്കു കാര്യം വ്യക്തമായതിനാൽ പിന്നാലെയെത്തിയ വീട്ടുകാരോടൊപ്പം വിട്ടയച്ചു. ഇതിനിടയിൽ രണ്ടു തവണയായി താനും അമ്മയും പഴങ്കാവിലെ സർവ കക്ഷികൾക്കു പരാതി നൽകിയെങ്കിലും ഫലപ്രദമായ ഇടപെടൽ നടത്തുകയുണ്ടായില്ല.
ഒക്ടോബർ 22 നുണ്ടായ സംഭവത്തിന്റെ പേരിൽ പോലീസ് ശാസ്ത്രീയ അന്വേഷണത്തിനു തുനിഞ്ഞത് രഞ്ജിത്തിന് ആശ്വാസത്തിനു വഴിതുറക്കുകയുണ്ടായി. തന്റെ മകനെ നിരന്തരം ദ്രോഹിക്കുകയാണെന്നു ചൂണ്ടിക്കാട്ടി രഞ്ജിത്തിന്റെ അമ്മ ലക്ഷ്മി റൂറൽ എസ്പിക്കു പരാതി നൽകിയതിനെ തുടർന്നു യുവതി അക്രമിക്കപ്പെട്ടതായി പറയുന്ന സംഭവങ്ങൾ പോലീസ് സമഗ്രമായ അന്വേഷണത്തിനു വിധേയമാക്കുകയായിരുന്നു. അന്നത്തെ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.പി.സദാനന്ദൻ കേസന്വേഷിച്ചതോടെ കാര്യങ്ങളുടെ ഗതി വ്യക്തമായി. കേസുകൾ പലതും ചുമത്തപ്പെട്ടതിനാൽ രഞ്ജിത്തിന് എളുപ്പം മോചിതനാവാൻ ആറു വർഷമെടുത്തു.
മോഷണത്തിനും (379-ാം വകുപ്പ്) മാനഭംഗശ്രമത്തിനുമാണ് (354) പോലീസ് രഞ്്ജിത്തിനെതിരെ ആദ്യം കേസെടുത്തത്. വീണ്ടും യുവതിക്കു നേരെ അക്രമമുണ്ടായതോടെ മാനഭംഗശ്രമത്തിനു പുറമെ ദേഹോപദ്രവം ഏൽപിച്ചതിനും (323) വീട് കൈയേറിയതിനും (452) കേസെടുത്തു. എല്ലാം ഗുരുതര കുറ്റങ്ങൾ. പക്ഷേ, രഞ്ജിത്ത് ഒരു കാര്യം തറപ്പിച്ചു പറയുന്നുണ്ടായിരുന്നു ആ യുവതിയെ തനിക്കറിയുക പോലുമില്ലെന്ന്.
2011 ൽ തുടർച്ചയായി അക്രമങ്ങളുണ്ടായെങ്കിലും ഡിവൈഎസ്പി പി.പി.സദാനന്ദൻ യുവതിയെ ചോദ്യം ചെയ്ത ശേഷം പിന്നീട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടില്ല.കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി രഞ്ജിത്തിനെ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.
ഇയാൾ കുറ്റക്കാരനാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിധിച്ചപ്പോൾ തന്റെ അഭിഭാഷകൻ എം.രാജേഷ്കുമാറിനോടൊപ്പം നിർവികാരനായി കേട്ടിരിക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. മാസങ്ങളോളം അനുഭവിച്ച നീറ്റൽ മനസിൽ നിന്നു മായുന്നില്ലെന്നു രഞ്ജിത്ത് പറയുന്നു.