ന്യൂഡൽഹി: പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാൽപത്തിയഞ്ചുകാരൻ അറസ്റ്റിൽ. മൻപ്രീത് സിങാണ് അറസ്റ്റിലായത്.
വെസ്റ്റ് ഡൽഹിയിലെ ഗണേഷ് നഗറിൽ രേഖ റാണി (35) കൊല്ലപ്പെട്ട കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലയ്ക്കു ശേഷം ഇയാൾ പഞ്ചാബിലേക്കു കടന്നിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള മൻപ്രീത് 2015 മുതലാണ് രേഖയ്ക്കൊപ്പം താമസമാക്കിയത്.
ഭാര്യയോടും മക്കളോടും സംസാരിക്കുന്നതിൽനിന്നും അവരെ കാണാൻ പോകുന്നതിൽനിന്നും മൻപ്രീതിനെ രേഖ വിലക്കിയിരുന്നു. തുടർന്നാണ് രേഖയെ ഒഴിവാക്കാൻ പദ്ധതിയിട്ടത്.
രാത്രി രേഖയുടെ മകളെ ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയ ശേഷം, നേരത്തേ വാങ്ങിവച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കഷ്ണങ്ങളാക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മകൾ ഉണരുമെന്നു ഭയന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
രേഖയുടെ മുഖത്തും കഴുത്തിലും കുത്തേറ്റെന്നും വലതുകയ്യിലെ ഒരു വിരൽ ഛേദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകലും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മൻപ്രീതിന് പ്രേരണയായത് ഡൽഹിയിൽ നടന്ന ശ്രദ്ധ വാൽക്കർ വധമാണമാണെന്ന് പൊലീസ് വ്യക്തമാക്കി.