കോട്ടയം: പോലീസ് തയാറാക്കിയ മോഷ്ടാവിന്റെ രേഖാ ചിത്രം കണ്ട് നിരവധി കോളുകൾ കോട്ടയം ഈസ്റ്റ് പോലീസിൽ ലഭിച്ചു. പട്ടാപ്പകൽ പാറന്പുഴയിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രമാണ് പോലീസ് പുറത്തു വിട്ടത്.
ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച രേഖാ ചിത്രം കണ്ട് ആലപ്പുഴയിൽ നിന്ന് ഏതാനും പേർ പോലീസിനെ വിളിച്ചു. ഇയാളെ അറിയാമെന്നും മറ്റുമാണ് പലരും അറിയിച്ചത്. എന്നാൽ സ്ഥിരീകരിക്കത്തക്ക തെളിവ് ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഈസ്റ്റ് എസ്ഐ വ്യക്തമാക്കിയത്.
രണ്ടുദിവസത്തിനുള്ളിൽ ആളെ പിടിക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇറഞ്ഞാൽ കൊച്ചുപുരയ്ക്കൽ പ്രവീണിന്റെ വീട്ടിലാണു കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഇവിടെയുണ്ടായിരുന്ന പ്രവീണിന്റെ മാതാവ് പൊന്നമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു രേഖാചിത്രം തയാറാക്കിയത്.
ഏഴു പവൻ സ്വർണവും വർക്ക് ഷോപ്പിൽ നന്നാക്കാൻ വച്ചിരുന്ന ബൈക്കുമാണ് മോഷ്ടിച്ചത്. കോട്ടയം ചന്തക്കവലയിൽ നിന്നും മോഷ്്ടിച്ച ബൈക്ക് വർക്ക്ഷോപ്പിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. കോട്ടയം ഈസ്റ്റ് സിഐ ടി.ആർ ജിജു, എസ്ഐ കെ.എം. മഹേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്. വിവരം ലഭിക്കുന്നവർ 9497990050, 9497987071, 9497980326 എന്നി നന്പറുകളിൽ അറിയിക്കണം.