ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഹാദിയ സ്വീകരിച്ചത് പൂച്ചെണ്ടു നല്‍കി; വീട്ടില്‍ ഹാദിയ സന്തോഷവതിയെന്നും കേരളത്തില്‍ നടക്കുന്നത് ലൗ ജിഹാദ് അല്ല നിര്‍ബന്ധിത മത പരിവര്‍ത്തനമെന്നും രേഖാ ശര്‍മ…

കൊച്ചി: കേരളത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയ സംഭവമാണ് ഹാദിയക്കേസ്. അഖില എന്ന ഹാദിയയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും നേരിട്ട് ബോധ്യപ്പെടാനും എത്തിയ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മടങ്ങുന്നത് ഹാദിയയുടെ സുരക്ഷയില്‍ പൂര്‍ണതൃപ്തയായിട്ടാണ്.ഹാദിയ പൂര്‍ണ ആരോഗ്യവതിയാണെന്നും സുരക്ഷിതയും സന്തോഷവതിയുമാണെന്നും വ്യക്തമാക്കി ഹാദിയയുടെ ചിത്രവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് രേഖ കാര്യങ്ങള്‍ വിശദീകരിച്ചത്.

കേരളത്തില്‍ നടക്കുന്നത് ലൗജിഹാദ് അല്ലെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനം ആണെന്നും രേഖ വ്യക്തമാക്കുകയും ചെയ്തു. അഖില ഹാദിയ വീട്ടില്‍ സുരക്ഷിതയും, ആരോഗ്യവതിയുമാണ്. ഈ മാസം 27 ന് സുപ്രീം കോടതിയില്‍ ഹാജരാകാന്‍ സന്നദ്ധയാണെന്ന് അവള്‍ അറിയിച്ചിട്ടുണ്ടെന്നും രേഖ ശര്‍മ്മ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അഖില ഹാദിയ പൂര്‍ണ്ണമായും പൊലീസ് സംരക്ഷണത്തിലാണ്. സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് ഉടനെ കൈമാറും. തട്ടമിട്ട് നില്‍ക്കുന്ന ഹാദിയ പുഞ്ചിരിയോടെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യുന്ന ചിത്രം രേഖ ശര്‍മ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രര്‍ശിപ്പിച്ചു.

രാവിലെ പത്ത് മണി മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച പരാതികള്‍ കേട്ട ദേശീയ വനിത കമ്മീഷന്‍ 12 മണിയോടെയാണ് വൈക്കത്തേക്ക് പുറപ്പെട്ടത്. ഒരു മണിയോടെ വൈക്കം ടിവി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി. അഖില ഹാദിയുടെ വീടിനോട് ചേര്‍ന്നുള്ള പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് ആദ്യം കമ്മീഷന്‍ എത്തിയത്. തുടര്‍ന്ന് പിതാവ് അശോകനുമായും മാതാവ് പൊന്നമ്മയുമായും സംസാരിച്ചു. പത്ത് മിനുട്ടിന് ശേഷം അഖില ഹാദിയെ താമസിപ്പിച്ചിട്ടുള്ള വീട്ടിലേക്ക് പോയി. ഇവിടെയെത്തിയ രേഖ ശര്‍മ്മയെ പുഞ്ചിരിയോടെ പൂച്ചെണ്ട് നല്‍കി അഖില ഹാദിയ സ്വീകരിച്ചു. തുടര്‍ന്ന് അഖില ഹാദിയയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അഖില ഹാദിയയുടെ വാക്കുകള്‍ കമ്മീഷന്‍ കേട്ടത്.

ഹാദിയ ഇഗ്ലീഷിലാണ് കമ്മീഷനോട് കാര്യങ്ങള്‍ വിവരിച്ചത്. അരമണിക്കൂറോളം ഹാദിയയുടെ മുറിയില്‍ ചിലവഴിച്ച രേഖ ശര്‍മ്മ യാത്ര ചോദിച്ചുകൊണ്ട് അഖില ഹാദിയയെ കെട്ടിപ്പിടിച്ചു. കവിളില്‍ ഉമ്മ നല്‍കി. അഖില ഹാദിയയും ചിരിച്ചുകൊണ്ട് ഉമ്മ നല്‍കി. ഡല്‍ഹിയില്‍ ഏത്തുമ്പോള്‍ തന്റെ വീട്ടിലേക്ക് വരണമെന്നും അവര്‍ ഹാദിയയെ ക്ഷണിച്ചു. വരാമെന്ന് ഹാദിയ സമ്മതിച്ചതായി പിതാവ് അശോകന്‍ പറഞ്ഞു. ഹാദിയയുമായി സംസാരിക്കുന്ന സമയം പിതാവും മാതാവും കമ്മീഷന്‍ അദ്ധ്യക്ഷയും സെക്രട്ടറിയും മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്.

തുടര്‍ന്ന് കോട്ടയം എസ്പിയോടും കമ്മീഷന്‍ സംസാരിച്ചെന്നാണ് വിവരം. അഖില ഹാദിയയുടെ വീട്ടിലെ സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ച് പരിശോധനയും ഇവര്‍ നടത്തി. വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് വനിത പൊലീസുകാരോടും, മറ്റ് സുരക്ഷ ഉദ്യോഗസ്ഥരോടും പ്രാഥമികമായി വിവരങ്ങള്‍ തിരക്കി. ഉച്ച ഭക്ഷണം കഴിക്കാന്‍ പിതാവ് അശോകന്‍ കമ്മീഷനെ നിര്‍ബന്ധിച്ചെങ്കിലും ഒരു ഗ്ലാസ്സ് തണുത്ത വെള്ളം മാത്രം കുടിച്ചശേഷം അവര്‍ മടങ്ങുകയായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ്, അഖില ഹാദിയ സന്തോഷവതിയാണെന്നും, സുരക്ഷിതയാണെന്നും രേഖ ശര്‍മ്മ പറഞ്ഞത്. കമ്മീഷന്റെ സന്ദര്‍ശനം കവര്‍ ചെയ്യുന്നതിനായി ദേശീയ മാധ്യമങ്ങളടക്കം ടിവി പുരത്തെ അശോകന്റെ വീട്ടിലെത്തിയിരുന്നു.

മാധ്യമങ്ങള്‍ ആരോപിക്കും പോലെ ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അവര്‍ പിന്നീട് വ്യക്തമാക്കി. രേഖ ശര്‍മ മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന് ആയാണ് എത്തിയത്. മതപരിവര്‍ത്തന ആരോപണം നേരിട്ട സമാന സംഭവങ്ങളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും അവര്‍ കാണുന്നുണ്ട്. ഐഎസിലേക്ക് ആകൃഷ്ടരാക്കി സിറിയയിലേക്കു കടന്നു എന്നു കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും. എന്നാല്‍ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ച കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മിഷന്‍ സിറ്റിങ് ഉണ്ട്. പരാതിയുള്ള ആര്‍ക്കും നേരില്‍ കാണമെന്നു രേഖ ശര്‍മ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുമായും ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ കൂടിക്കാഴ്ച നടത്തും.

 

Related posts