കോഴിക്കോട്: നിർബന്ധിത മതപരിവർത്തനം കേരളത്തിൽ അതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ അഭിപ്രായപ്പെട്ടു. നിർബന്ധിത മതപരിവർത്തനത്തിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. പെണ്‍കുട്ടികൾക്കാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത്. വിവാഹവും പ്രണയവുമെല്ലാം നിർബന്ധിത മതപരിവർത്തനത്തിനുള്ള കാരണങ്ങളിൽ ചിലതാണ്.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇവിടെ പെണ്‍കുട്ടികളെ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തിലുള്ള മനുഷ്യക്കടത്തുതന്നെയാണ് ഇവിടെ നടക്കുന്നത്. പെണ്‍കുട്ടികളെ അവരുടെ വീട്ടിൽ നിന്നും രാജ്യത്തുനിന്നും തന്നെ മാറ്റപ്പെടുന്നു. ഇത്തരത്തിൽ മതംമാറ്റപ്പെടുന്ന ചില പെണ്‍കുട്ടികൾ ചില തീവ്രവാദസംഘടനകളുടെ കയ്യിൽ എത്തപ്പെട്ടതായും വിവരങ്ങളുണ്ട്.
പ്രണയിക്കുന്നതിനോ പ്രണയ വിവാഹത്തിനോ എതിരല്ല, എന്നാൽ വിവാഹം കഴിക്കാനെന്ന പേരിൽ പെണ്‍കുട്ടികളെ നിർബന്ധിപ്പിച്ച് മതംമാറ്റുന്നതിനോട് യോജിക്കാനാവില്ല. പെണ്‍കുട്ടികളെ രക്ഷിതാക്കളിൽ നിന്ന് അകറ്റുകയും നിർബന്ധിതമായി മതംമാറ്റം ചെയ്യിക്കുകയും ചെയ്യുന്നു. സമാന്തര രക്ഷാകർതൃത്വവും ചില ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഈ പെണ്‍കുട്ടികൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് ഇവർ അറിയുന്നില്ല.
നിർബന്ധിത മതപരിവർത്തനം നടത്തുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. നിർബന്ധിതമായി മതം മാറ്റം ചെയ്യപ്പെടുന്ന കുട്ടികൾക്ക് അവരുടെ വീട് വിട്ട് താമസിക്കുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു. നിർബന്ധിതമായി മതംമാറ്റപ്പെട്ട് മറ്റു രാജ്യങ്ങളിൽ എത്തപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചുള്ള പരാതികളും കമ്മീഷന് കിട്ടിയിട്ടുണ്ട്.
ഈ പെണ്‍കുട്ടികൾ ഇപ്പോൾ എവിടെയാണെന്നോ അവർക്ക് എന്താണ് സംഭവിച്ചിരിക്കുന്നതെന്നോ രക്ഷിതാക്കൾക്കറിയില്ല. വീടുമായി അവർക്കിപ്പോൾ ബന്ധമില്ല. ഐഎസുമായി ബന്ധമുള്ള കേന്ദ്രങ്ങളിലാണ് ഈ കുട്ടികൾ ഉള്ളതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സിറ്റിംഗിൽ ലഭിച്ച വിവരങ്ങൾ സ്വരൂപിച്ച് ഉടൻ കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും. ഇതിന്റെ കോപ്പി സംസ്ഥാന സർക്കാറിനും നൽകും. ഇന്നുതന്നെ ഡിജിപിയെ കണ്ട് തനിക്ക് ലഭിച്ച പരാതികളുടെ വിവരങ്ങൾ കൈമാറി അന്വേഷണം നടത്താൻ ആവശ്യപ്പെടും. മതപരിവർത്തനത്തിനായി പണം ഒഴുക്കുന്ന സംഘടനകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.