ഏതെല്ലാം മേഖലകളില്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് പറഞ്ഞാലും രാജ്യത്ത് പലയിടങ്ങളിലും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന പല കാര്യങ്ങളില്‍ ഒന്നാണ് ബാലവിവാഹം. പ്രത്യേകിച്ച് പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഇരകളാവുന്നതും. എന്നാല്‍ നിശ്ചയദാര്‍ഢ്യം കൈമുതലാക്കിയിട്ടുള്ള പെണ്‍കുട്ടികളെ ഏതെങ്കിലും വിധത്തില്‍ തളച്ചിടാന്‍ ഒരു വ്യക്തികള്‍ക്കും ശക്തികള്‍ക്കും സാധിക്കില്ലെന്ന സന്ദേശമാണ് കര്‍ണാടക സ്വദേശിനിയായ രേഖ വി. എന്ന പെണ്‍കുട്ടി നല്‍കുന്നത്.
സമൂഹത്തെ പേടിച്ച് എവിടെയെങ്കിലും സ്വയം തളച്ചിടപ്പെടാതെ സ്വന്തം ആഗ്രഹങ്ങളെത്തേടി സാഹസിക തീരുമാനമെടുത്ത് സ്വപ്നം കൈപ്പിടിയിലൊതുക്കിയ പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് രേഖ. പ്രായപൂര്‍ത്തി പോലുമാവുന്നതിന് മുമ്പ് വിവാഹത്തിനായി അമ്മയുള്‍പ്പെടെയുള്ള വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ചിക്കബാലാപുര എന്ന തന്റെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടുകയാണ് രേഖ ചെയ്തത്. വെറുതെയൊന്നുമല്ല, പഠിച്ച് ഐഎഎസ് ഓഫീസറാവണമെന്ന ആഗ്രഹത്തോടെയായിരുന്നു അത്.
എസ്എസ്എല്‍സി പരീക്ഷയില്‍ 74 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കെയാണ് രേഖയ്ക്ക് വീട്ടുകാര്‍ കല്ല്യാണാലോചന തുടങ്ങിയത്. എത്ര കരഞ്ഞ് പറഞ്ഞിട്ടും വാശി പിടിച്ചിട്ടും വിവാഹം വേണ്ടെന്ന് വയ്ക്കാനും പഠനം തുടരാനും വീട്ടുകാര്‍ അനവദിക്കാതെ വന്നതോടെ വീടുവിട്ട് പോവുകയല്ലാതെ രേഖയ്ക്ക് വേറെ വഴിയില്ലാതായി.
ബംഗളൂരുവിലെ ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്കാണ് രേഖ ഓടിപ്പോയത്. സമയം ഒട്ടും വൈകിപ്പിക്കാതെ ഒരു കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രേഖ ചേര്‍ന്നു. അതില്‍ തൃപ്തി തോന്നാതായപ്പോള് 1098 എന്ന ചൈല്‍ഡ് ഹെല്പ്പ്ലൈന് നമ്പരിലേക്ക് അവള് വിളിച്ചു. അവളുടെ അവസ്ഥ മനസിലാക്കിയ അവര്‍ ഉടന്‍ അവളെ നേരിട്ട് കാണുകയും അവളുടെ മുഴുവന്‍ കാര്യങ്ങളും ഏറ്റെടുക്കുകയും പിന്നീട് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ തന്നെ അഡ്മിഷന് നല്‍കുകയും ചെയ്തു.
അവിടെ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം തുടര്‍ന്ന രേഖ 600 ല്‍ 542 മാര്‍ക്കോടുകൂടി പാസായിരിക്കുകയാണ്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി സ്വന്തമാക്കണമെന്നാണ് ഇനി രേഖയുടെ ആഗ്രഹം. അതിനേക്കാളെല്ലാമുപരി ഒരു വക്കീലാകണമെന്നും പിന്നീട് ഐഎഎസ് സ്വന്തമാക്കണമെന്നുമാണ് രേഖയുടെ സ്വപ്നം. രേഖയെ അറിയാവുന്നവരും മാധ്യമങ്ങളിലൂടെ അവളെ അറിഞ്ഞവരും ഒന്നുപോലെ പറയുകയാണ്, ഇവള് മാതൃകയാണ്, ആയിരങ്ങള്‍ക്ക്…