ന്യൂഡൽഹി: ബിജെപിയുടെ വനിതാ നേതാവ് രേഖ ഗുപ്ത (50) ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിൽ. രാംലീല മൈതാനിയിൽ ഇന്ന് ഉച്ചയ്ക്കു നടന്ന ചടങ്ങിൽ അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗമാണു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേഷ് സിംഗ് വർമയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മറ്റു മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
ഷാലിമാർ ബാഗ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായ ഇവർ, ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ സുപരിചിതയാണ്. നേരത്തേ സൗത്ത് ഡൽഹി മേയറായിരുന്നു. ആദ്യമായാണ് എംഎൽഎയാകുന്നത്. 29,595 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നുവിജയം. ഉപമുഖ്യമന്ത്രിയാകുന്ന പർവേഷ് സിംഗ് വർമ, ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജരിവാളിനെ തോൽപിച്ചാണ് എംഎൽഎയായത്.
മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിംഗ് വർമയുടെ മകനാണ് ഇദ്ദേഹം. മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ, ആത്മീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.