കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ഒരുക്കിയ ആദരിക്കൽ ചടങ്ങ് ജീവിതത്തിൽ വഴിത്തിരിവാകുമെന്ന്, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യവനിതയായ രേഖ കാർത്തികേയൻ കരുതിയിരുന്നില്ല.
രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകൾ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് നടത്തിയത്.
പനന്പിള്ളി നഗറിലെ എംപിഇഡിഎ ആസ്ഥാനത്ത് നടന്ന ആദരിക്കൽ ചടങ്ങിലാണ് ബാധ്യതകൾ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്.
സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ചാപ്റ്റർ രേഖയുടെ മൂന്നു ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും.
രേഖയുടെ ഭർത്താവ് കാർത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ടു കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിൾസ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു.
വള്ളവും എൻജിനും വാങ്ങിക്കാൻ എടുത്ത വായ്പയായ 1.1 ലക്ഷം രൂപ എഎഫ്ഡിസി ഗ്രൂപ്പ് നൽകും. ഇതോടെ രേഖയുടെ കുടുംബം കടബാധ്യതകളിൽ നിന്ന് പൂർണമായും ഒഴിവായി.
ഇതു കൂടാതെ എംപിഇഡിഎയുടെ ഭാഗത്തുനിന്നുള്ള സാന്പത്തിക സഹായം രേഖയ്ക്ക് കൈമാറി. രേഖയ്ക്കും കാർത്തികേയനുമുള്ള ലൈഫ് ജാക്കറ്റുകളും ചടങ്ങിൽ നൽകി.
വായ്പത്തുകയും ചികിത്സാസഹായവും അതത് ബാങ്കുകൾക്കും ആശുപത്രിക്കും നേരിട്ടായിരിക്കും കൈമാറുകയെന്ന് എംപിഇഡിഎ അറിയിച്ചു.
മാർക്കറ്റിംഗ് ഡയറക്ടർ ഡോള ശങ്കർ, ഡയറക്ടർ ഡോ. എം. കാർത്തികേയൻ, സെക്രട്ടറി ബി. ശ്രീകുമാർ രേഖയുടെ ഭർത്താവ് കാർത്തികേയൻ നാലാമത്തെ മകൾ ലക്ഷ്മിപ്രിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.