തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഗംഗേശാനന്ദ തീര്‍ഥയെന്ന ഹരിസ്വാമി സംഭവത്തെക്കുറിച്ച് ഒന്നും തുറന്നുപറയാത്തതിനൊപ്പം പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന്റെ തലവേദന വര്‍ധിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തനിക്ക് ഏഴു വര്‍ഷത്തെ ബന്ധമുണ്ടെന്ന് സ്വാമി വെളിപ്പെടുത്തുന്നു. ഈ വാദം ശരിവയ്ക്കുകയാണ് പെണ്‍കുട്ടിയും. സംഭവ ദിവസം വീട്ടിലെത്തിയ സ്വാമി രാത്രിയില്‍ തന്റെ മുറിയില്‍ കടന്നു വന്നെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
ഈ സമയം നിയന്ത്രണം വിട്ട താന്‍ സ്വാമിയുടെ കൈയിലെ കത്തി തട്ടിയെടുത്ത് ലിംഗം അറുത്തു മാറ്റുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ പതിനേഴാം വയസുമുതല്‍ സ്വാമി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിക്കൊപ്പം താന്‍ പല സ്ഥലത്തും ബുള്ളറ്റില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് സ്വാമിയും പറയുന്നു. കോലഞ്ചേരിയിലെ സ്വാമിയുടെ ബന്ധുക്കളും ഇത് സാധൂകരിക്കുന്നുണ്ട്. മുന്‍പ് ഒന്നുരണ്ടു തവണ സ്വാമി നാട്ടിലെത്തിയപ്പോല്‍ ഈ യുവതിയും ബുള്ളറ്റിലുണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ എങ്ങനെ പെണ്‍കുട്ടി സ്വാമിക്കൊപ്പം ഇത്ര ദൂരം സഞ്ചരിക്കുമെന്ന ചോദ്യം പോലീസിനെ കുഴയ്ക്കുന്നുണ്ട്.
അതേസമയം, സംഭവം നടന്ന ദിവസം ബിക്കാനീര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് ബൈക്കില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് വ്യക്തമായി. സഹോദരന്‍ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയാല്‍ സ്വാമിക്കായി അനുവദിച്ചിട്ടുള്ള മുറിയിലും പൂജാമുറിയിലുമാണ് ഹരിയുടെ വാസം. തിരുവനന്തപുരത്തെത്തിയാല്‍ തന്നെ കാണാനെത്തുന്നവരുമായി മുറിയില്‍ കൂടിക്കാഴ്ച നടത്തുന്ന സ്വാമി പിന്നീട് അധിക സമയവും പൂജാമുറിയില്‍ പൂജയും ധ്യാനവുമായാണ് കഴിയുക. ഇതിനിടെ, പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വാമിയുടെ ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ഫോണുകള്‍, വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ തുടങ്ങിയവയെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ പോലീസ് സൈബര്‍ സഹായം തേടിയിട്ടുണ്ട്. പേട്ട പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഇവ ഇന്നോ നാളെയോ സൈബര്‍ സെല്ലിന് കൈമാറും. നന്ദാവനം എ. ആര്‍ ക്യാമ്പിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായക്കട നടത്തിയിരുന്ന ഹരി സ്വാമിയായി വേഷപ്രച്ഛന്നനായി മാറിയശേഷമുണ്ടായ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.