മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡചിത്രം ഒടിയനിലെ കൊണ്ടോരാം കൊണ്ടോരാം… എന്ന ഗാനമാണ് ഇപ്പോള്‍ തരംഗം. പാലക്കാടന്‍ സൗന്ദര്യത്തെ വരികളിലേയ്ക്ക് ഒപ്പിയെടുത്ത ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. റഫീക്ക് അഹമ്മദാണ് രചന. എന്നാല്‍ ചര്‍ച്ചകളില്‍ ഈ പാട്ട് ഇടംപിടിക്കുന്നത് ഇതിന് നിപ്പാ വൈറസുമായുള്ള ബന്ധം കൊണ്ടാണ്. നിപ്പയും ഒടിയനും തമ്മില്‍ എന്താണ് ബന്ധമെന്ന് ആലോചിച്ച് അധികം തലപുകയ്‌ക്കേണ്ട. ഗാനത്തെ കുറിച്ച് തമാശ രൂപേണ കവി റഫീക്ക് അഹമ്മദ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-
‘സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍പറത്തി ഒടിയന്‍- തെങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന്‍ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് ‘വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി’ അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു.
ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു എന്തായാലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടിയന്‍ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു. വാല്‍ക്കഷണം- ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു.’