കല്യാണത്തിനു ബന്ധുക്കളിൽ ചിലരെ വിളിക്കാൻ വിട്ടുപോയതു വിവാഹവേദിയിൽ കൂട്ടത്തല്ലിൽ കലാശിച്ചു. ബിഹാറിലെ ബെഗുസാരായിയിലാണു സംഭവം നടന്നത്. നരേഷ് ദാസിന്റെ മകൻ റോഷൻ കുമാറിന്റേതായിരുന്നു വിവാഹം.
വിവാഹത്തിനുള്ള തയാറെടുപ്പുകൾക്കിടയിൽ ചില ബന്ധുക്കൾക്കു വിവാഹ ക്ഷണക്കത്ത് അയയ്ക്കാൻ കുടുംബം മറന്നു. ക്ഷണം ലഭിക്കാത്ത ബന്ധുക്കൾ പ്രകോപിതരായി കല്യാണം നടക്കുന്നിടത്തേക്കു കൂട്ടമായെത്തി വരനെയും കുടുംബത്തെയും വടികൊണ്ടാക്രമിക്കുകയായിരുന്നു. പ്രത്യാക്രമണവും നടന്നു. നാട്ടുകാരടക്കം നിരവധിപ്പേർക്കു പരിക്കേറ്റു.
വരനടക്കം ആശുപത്രിയിലായി. വിവാഹഘോഷയാത്രയിലുണ്ടായിരുന്ന നാലു വാഹനങ്ങൾ തകർന്നു. ഇതിന്റെ വീഡിയോ ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെ പോലീസ് ഇടപെട്ടു. പ്രധാനപ്രതിയായ രാം ഉദയ് ദാസിനെ അറസ്റ്റ് ചെയ്തു. വിവാഹത്തിനു ക്ഷണിക്കാത്തതിനാലാണ് അക്രമം നടത്തിയതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു.