നെയ്യാറ്റിന്‍കര: കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വച്ച് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഉദയനെയും ഉമേഷിനെയും കൊണ്ടു വന്നപ്പോള്‍ കോടതി സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്.പ്രതികളെ കോടതിയിലെത്തിച്ചത് ഫോര്‍ട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു.
ഇവരെ കോടതില്‍ കൊണ്ടുവരുമെന്ന വിവരം അറിഞ്ഞ് ഇവരുടെ ബന്ധുക്കളായ സ്ത്രീകള്‍ പന്ത്രണ്ടോളം പേര്‍ നേരത്തേ കോടതി പരിസരത്തെത്തിയിരുന്നു. ഇരുവരെയും വാഹനത്തില്‍നിന്നു കോടതി വളപ്പിലിറക്കിയതോടെ പ്രതിഷേധമുയര്‍ന്നു.
ഇവര്‍ നിരപരാധികളാണെന്നും പൊലീസ് ക്രൂര മര്‍ദനം നടത്തി ഇവരെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മാത്രമല്ല ഇരു പ്രതികളുടെയും ചുറ്റും കൂടി, മുന്നോട്ടു പോകുന്നതിനു തടസ്സവും സൃഷ്ടിച്ചു.
എണ്ണത്തില്‍ കുറവായ പൊലീസ് ഒരു വിധത്തിലാണ് അവരെ തള്ളിമാറ്റി രണ്ടാം നിലയിലെ കോടതിമുറിയിലെത്തിച്ചത്. കോടതി മുറിയിലേക്കു കടക്കാനുള്ള അവരുടെ ശ്രമം പൊലീസ് ബലം പ്രയോഗിച്ചു തടയുകയായിരുന്നു. പിന്നെ സ്ത്രീകളുടെ ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയുമായി. അതില്‍ ചിലര്‍ കോടതി പരിസരത്തു കിടന്നും ഇരുന്നും പ്രതിഷേധിച്ചുകൊണ്ടിരുന്നു.
കേരളത്തെ നടുക്കിയ കേസിലെ പ്രതികളെ കാണാന്‍ തടിച്ചുകൂടിയ നാട്ടുകാര്‍ കോടതി മുറിയിലേക്കു തള്ളിക്കയറിയത് മജിസ്‌ട്രേറ്റിനെ ക്ഷുഭിതനാക്കി.കോടതി ജീവനക്കാരെത്തി കേസുമായി ബന്ധമില്ലാത്തവര്‍ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊള്ളാന്‍ പലരും തയാറല്ലായിരുന്നു. അപ്പോഴേക്കും അഭിഭാഷകരുടെ ഇടപെടലായി. എല്ലാവരും പുറത്തു പോകണമെന്നായി ഒരു വിഭാഗം അഭിഭാഷകര്‍.
മാധ്യമ പ്രവര്‍ത്തകര്‍ വരാന്തയിലേക്കു മാറിയെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. അത് യുവ അഭിഭാഷകരെ പ്രകോപിപ്പിച്ചു. അവര്‍ ബലം പ്രയോഗിച്ചു മാധ്യമ പ്രവര്‍ത്തകരെ തള്ളി ഗേറ്റിനു പുറത്തേക്കു കൊണ്ടുപോയി. എണ്ണത്തില്‍ കുറവായ മാധ്യമ പ്രവര്‍ത്തകര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കാത്തതിനാല്‍ സംഘര്‍ഷം ഒഴിവായി. സംഭവം കൈവിട്ടു പോയപ്പോഴേക്കും പോലീസെത്തി.
വനിതാ പൊലീസ് ഉള്‍പ്പെടെ വലിയൊരു പൊലീസ് സംഘം ഡിവൈഎസ്പി ബി.ഹരികുമാറിന്റെ നേതൃത്വത്തില്‍ പാഞ്ഞെത്തി. പ്രതികളുടെ ബന്ധുക്കളായി എത്തിയവരെ തിരഞ്ഞുപിടിച്ച് ഓരോരുത്തരെയായി ഗേറ്റിനു പുറത്താക്കി. കൂടിനിന്നവരോടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ പൊലീസിന് മടങ്ങിപ്പോകാന്‍ വഴിയൊരുങ്ങി.