ഉപഭോക്താക്കളെ വഞ്ചിച്ച് റിലയന്‍സ് ഡിജിറ്റല്‍ ടിവി; ചാനലുകള്‍ കാണാതായിട്ട് രണ്ടു മാസം;പ്രതികരണമില്ലാതെ കസ്റ്റമര്‍ കെയര്‍ സര്‍വീസ്; ആയിരക്കണക്കിന് ആളുകളുടെ പരാതി കണ്ടില്ലെന്നു നടിച്ച് കമ്പനി

രാജ്യത്തെ പ്രമുഖ ഡിടിഎച്ച് സര്‍വീസുകളിലൊന്നായ റിലയന്‍സ് ഡിജിറ്റല്‍ ടിവി ആളുകളെ വഞ്ചിക്കുന്നതായി പരാതി. നിലവില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവി സെറ്റ് അപ് ബോക്‌സില്‍ യാതൊരു ചാനലുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.സെറ്റ് അപ് ബോക്‌സ് ഓണ്‍ ചെയ്യുമ്പോള്‍ ഇറര്‍ സിഗ്നല്‍ മാത്രമാണ് കാണുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ കീഴിലുണ്ടായിരുന്ന റിലയന്‍സ് ഡിജിറ്റല്‍ ടിവി കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി റിലയന്‍സ് ഡിജിറ്റല്‍ ടിവി ഉപഭോക്താക്കള്‍ മറ്റു ഡിടിഎച്ചുകളിലേക്ക് കൂടുമാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ നവംബറില്‍ റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ അവകാശം റിലയന്‍സ് കമ്യൂണിക്കേഷന്‍ പാന്റല്‍ ടെക്‌നോളജീസ് ആന്‍ഡ് വീക്കോണ്‍ മീഡിയയ്ക്ക് വിറ്റു. പുതിയ ഉടമകള്‍ ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയും ഉണ്ടായി.

2499 രൂപയ്ക്ക് എല്ലാ പേ-ചാനലുകളും രണ്ടു വര്‍ഷത്തേക്ക്(ഒരു വര്‍ഷത്തേക്ക് 1499), 1499യ്ക്ക് സാധാരണ ചാനലുകള്‍ അഞ്ചു വര്‍ഷത്തേക്ക് തുടങ്ങിയവയായിരുന്നു പ്രധാന ഓഫറുകള്‍. ഇതു വിശ്വസിച്ച് ധാരാളം ആളുകള്‍ കണക്ഷന്‍ എടുക്കുകയും ചെയ്തു. ഈ ഓഫര്‍ തുടങ്ങിയതിന്റെ ആദ്യ രണ്ടു മാസം എല്ലാവര്‍ക്കും പറഞ്ഞ പ്രകാരമുള്ള ചാനലുകള്‍ എല്ലാം ലഭിച്ചിരുന്നു.

എന്നാല്‍ കുടിശ്ശിക തുക അടയ്ക്കാഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാര്‍ നെറ്റ് വര്‍ക്ക്, സണ്‍ നെറ്റ് വര്‍ക്ക് എന്നീ മാധ്യമഭീമന്മാര്‍ അവരുടെ ചാനലുകള്‍ കട്ട് ചെയ്തു. അധികം താമസിക്കാതെ സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളും ഇതേ കാരണത്താല്‍ നിര്‍ത്തിയതോടെ ചാനലുകളുടെ എണ്ണം വിരലിലെണ്ണാവുന്നതായി. ഉപഭോക്താക്കളുടെ കഷ്ടകാലം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. കുടിശ്ശിക തുക 28 കോടിയായതോടെ റിലയന്‍സ് ഡിജിറ്റല്‍ ടിവിയ്ക്ക് ട്രാന്‍സ്‌പോണ്ടര്‍ സര്‍വീസ് നല്‍കിയിരുന്ന ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ട്രായിയുടെ അനുമതിയോടെ സര്‍വീസ് നല്‍കുന്നത് നിര്‍ത്തിയതോടെ അവശേഷിച്ച ചാനലുകളും ഇല്ലാതായി.

ഇതിനുശേഷം കസ്റ്റര്‍മര്‍ കെയറുമായി ബന്ധപ്പെടാനുള്ള സൗകര്യം വിഛേദിക്കുകയും ചെയ്തു. ഏപ്രില്‍ അവസാനത്തോടെ ആന്‍ട്രിക്‌സിനു നല്‍കാനുള്ള കുടിശ്ശിക തീര്‍ത്തതോടെ വിരലിലെണ്ണാവുന്ന ചാനലുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു. കസ്റ്റര്‍മര്‍ കെയര്‍ സര്‍വീസും ഇതോടൊപ്പം പുനരാരംഭിച്ചു. എന്നാല്‍ പേ-ചാനലുകളും മറ്റു ചാനലുകളും ചോദിച്ച് വിളിക്കുന്നവരോട് എല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ ശരിയാകും, ടെക്‌നിക്കല്‍ ടീം അതിനുള്ള വര്‍ക്കിലാണ് എന്നായിരുന്നു മറുപടി. ആളുകള്‍ ആവര്‍ത്തിച്ച് വിളിക്കുമ്പോള്‍ മൂന്നു ദിവസം, 72 മണിക്കൂര്‍ എന്നിങ്ങനെ പല പല മറുപടികളായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ചാനലുകളൊന്നും തിരികെ വന്നതുമില്ല.

ഇതിനിടയ്ക്ക് സര്‍വീസ് ഇല്ലാതിരുന്ന ദിവസങ്ങളുടെ സേവനം അധികമായി നല്‍കാമെന്നും കസ്റ്റമര്‍ കെയറില്‍ നിന്ന് വാഗ്ദാനം ലഭിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വിളിക്കുമ്പോള്‍ ടെക്‌നിക്കല്‍ ടീം ശ്രമിച്ചു കൊണ്ടിരിക്കുകയാണ് 72 മണിക്കൂറിനുള്ളില്‍ എല്ലാ ചാനലുകളും തിരിച്ചു വരുമെന്ന് ഉറപ്പ് ആവര്‍ത്തിച്ചു നല്‍കിക്കൊണ്ടിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉള്ള ചാനലുകളും കൂടി പോയതോടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഇല്ലാതായി. നെറ്റ് വര്‍ക്ക് ബിസിയാണ് എന്ന മറുപടിയാണ് ഇപ്പോള്‍ കസ്റ്റര്‍മര്‍ കെയര്‍ സര്‍വീസുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കുന്നത്. ഒന്നും രണ്ടും വര്‍ഷത്തേക്ക് മുന്‍കൂറായി പണമടച്ചവരുടെ പണം ഫലത്തില്‍ നഷ്ടമായ അവസ്ഥയാണ് ഇപ്പോള്‍. മാസം തോറും റീച്ചാര്‍ജ് ചെയ്യുന്നവരാകട്ടെ മറ്റു ഡിടിഎച്ച് സര്‍വീസുകളിലേക്ക് മാറുകയും ചെയ്തു.

നിത്യേന നിരവധി പരാതികളാണ് കമ്പനിയ്‌ക്കെതിരേ വരുന്നത്. 18002009001,18602006666 എന്നിവയാണ് റിലയന്‍സ് ഡിജിറ്റല്‍ ടിവിയുടെ കസ്റ്റമര്‍ കെയര്‍ നമ്പരുകള്‍. എന്നാല്‍ ഈ നമ്പരുകളില്‍ വിളിച്ചാല്‍ ഇപ്പോള്‍ നെറ്റ്‌വര്‍ക്ക് ബിസി എന്നാണ് കേള്‍ക്കുക. മുന്‍കൂറായി സെറ്റ് ടോപ് ബോക്‌സ് പണമടച്ച് ബുക്ക് ചെയ്തവര്‍ക്കാകട്ടെ ഇതുവരെ കണക്ഷന്‍ ലഭിച്ചിട്ടില്ല. പരാതിക്കാര്‍ ആര്‍ക്കും പണം തിരികെ ലഭിച്ചതായും വിവരമില്ല.

2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയ്ക്ക് ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് പങ്കാളിത്തം. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഉപഭോക്തൃ കോടതികളിലേക്ക് നീങ്ങാനാണ് വലിയൊരു വിഭാഗം ഉപഭോക്താക്കളുടെ തീരുമാനം ഇത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്.ഇത്രയധികം പരാതികളുണ്ടായിട്ടും ഇക്കാര്യം ദേശീയ മാധ്യമങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നത് കൗതുകകരമായ വസ്തുതയാണ്.

Related posts