കോടികളുടെ കുടിശിക വരുത്തിയ കന്പനിയെ വീണ്ടും സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ചുമതല ഏൽപിച്ചു. സംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങൾക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന റിലയൻസ് ജനറൽ ഇൻഷ്വറൻസാണ് മുൻ കാലങ്ങളിൽ 61 കോടിയുടെ കുടിശിക വരുത്തിയത്.
അതേ കമ്പനിക്കാണ് പുതിയ ഇൻഷ്വറൻസ് പദ്ധതിയുടെയും ടെൻഡർ നൽകിയത്. പദ്ധതി ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തു നടപ്പാക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും സംസ്ഥാന സർക്കാറിന്റെ കാരുണ്യ ആരോഗ്യ സുരക്ഷയും സംയോജിപ്പിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ടെൻഡറാണു റിലയൻസ് ജനറൽ ഇൻഷ്വറൻസിന് ലഭിച്ചത്.
1671 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ചുമതലയാണ് കന്പനി ഏറ്റെടുക്കുന്നത്. പ്രതിവർഷം പ്രീമിയം ഇനത്തിൽ 692 കോടി രൂപ കന്പനിക്ക് ലഭിക്കും. നേരത്തെ ആർഎസ്ബിവൈ, ചിസ് പ്ലസ് അടക്കമുളള ഇൻഷ്വറൻസ് പദ്ധതികളുടെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന കമ്പനി കൃത്യസമയത്ത് പണം നൽകാതെ 61 കോടി രൂപ കുടിശിക വരുത്തിയിരുന്നു. ഇതോടെ അർബുദ ചികിത്സയ്ക്കുളള ജീവൻരക്ഷാ മരുന്നുകളും ഹൃദയ ശസ്ത്രക്രിയയ്ക്കുളള സ്റ്റെന്റ് ഇംപ്ലാന്റുകളും വിതരണം ചെയ്യുന്ന കന്പനികൾക്കും പണം നൽകാനാകാത്ത അവസ്ഥയിലായി ആശുപത്രികൾ.
നിലവിലുള്ള കോടികളുടെ കുടിശിക എങ്ങനെ കിട്ടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവെയാണ് പുതിയ പദ്ധതിയുടെ നടത്തിപ്പു ചുമതലയും റിലയൻസിനെ ഏൽപിച്ചത്. അതേസമയം ടെൻഡർ നടപടികളിൽ പങ്കെടുത്ത നാലു കന്പനികളിൽ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വോട്ട് ചെയ്തത് റിലയൻസ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.