അനില്‍ അംബാനിയുടെ തകര്‍ച്ചയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാനൊരുങ്ങി മുകേഷ് അംബാനി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ചില സ്വത്തുക്കള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ആണ് ഏറ്റെടുക്കുന്നത്. ഇക്കാര്യത്തില്‍ ഇരുകമ്പനികളും തമ്മില്‍ ധാരണയായതായി റിലയന്‍സ് ജിയോ അറിയിച്ചു.
ഇതനുസരിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ടവറുകള്‍, ഓപ്റ്റിക് ഫൈബര്‍ കേബിള്‍ ശൃംഖല, സ്‌പെക്ട്രം, മീഡിയ കണ്‍വെര്‍ജന്‍സ് നോഡ്‌സ് തുടങ്ങിയവ റിലയന്‍സ് ജിയോ ഏറ്റെടുക്കും. ഏകദേശം 450,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഡി.ടി.എച്ച്,വയര്‍ലെസ് ടെലികോം വ്യവസായങ്ങള്‍ കമ്പനി വസാനിപ്പിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ എയര്‍സെല്ലുമായി ചേരാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല.
ഇതേ തുടര്‍ന്നാണ് പ്രധാന വ്യവസായങ്ങള്‍ അവസാനിപ്പിച്ചതും അതുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ വില്‍പ്പനയ്ക്ക് വെച്ചതും. ജേഷ്ഠനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ വരവ് തന്നെയാണ് മറ്റ് കമ്പനികളെ പോലെ അനിയനായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും തിരിച്ചടിയായത്. എയര്‍ടെല്‍, വോഡഫോണ്‍,ഐഡിയ പോലുള്ള മുന്‍നിര കമ്പനികള്‍ പിടിച്ചുനിന്നപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അടക്കമുള്ള ചില കമ്പനികള്‍ അടിപതറുകയായിരുന്നു.