റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകള്‍ നല്‍കി തുടങ്ങിയതുമുതല്‍ രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍ക്ക് ശനിദശയാണ്. അവരുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. പലപേരുകള്‍ പറഞ്ഞ് ജിയോ ഓഫറുകള്‍ വാരിക്കോരി നല്‍കുന്നതും ആളുകളെല്ലാം അതിന്റെ പിന്നാലെ പോകുന്നതുമാണ് മറ്റ് പ്രമുഖ ടെലികോം കമ്പനികളെ വലയ്ക്കുന്ന കാര്യം. എന്നാല്‍ റിലയന്‍സും മുകേഷ് അംബാനിയും കാരണം സ്വന്തം കുടുംബത്തിലുള്ളവര്‍ കൂടി ബുദ്ധിമുട്ടിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
സഹോദരന്‍ അനില്‍ അംബാനിയാണ് ജേഷ്ഠന്റെ ഈ ഔദാര്യ മനോഭാവത്തില്‍ വലയുന്നത്. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് (RCom) ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ആര്‍കോം. വരുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡൊയ്‌ഷെ ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
ഉപയോക്താക്കളെ പിടിച്ചുനിറുത്താനും നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താനും ആവശ്യമായ പണം ഇറക്കാന്‍ ആര്‍കോമിന് സാധിക്കുന്നില്ലത്രെ. രാജ്യത്തെ ടെലികോം വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. പ്രമുഖ ടെലികോം കമ്പനികളായ എയര്‍ടെല്‍, ഐഡിയ തുടങ്ങിയവയും ജനുവരി- മാര്‍ച്ച് കാലയളവില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. എയര്‍സെല്ലുമായി സംയോജിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍കോം പ്രഖ്യാപിച്ചിരുന്നു. അതേസമയം, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റു കമ്പനികളില്‍ നിന്ന് ടവര്‍ വാടകയിനത്തില്‍ നല്ലൊരു തുക കിട്ടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഏതായാലും ജിയോയ്ക്ക് പൂട്ടിടാനുള്ള മറ്റ് കമ്പനികളുടെ ശ്രമത്തില്‍ അനില്‍ അംബാനിയും പങ്കാളിയാകുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.