തളിപ്പറമ്പ്: പൊതുമരാമത്ത് വകുപ്പ് അറിയാതെ റിലയന്‍സ് ജിയോ രാത്രിയില്‍ സംസ്ഥാനപാത 36 ല്‍ സര്‍വേ നടത്തി അടയാളമിട്ടു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലാണ് കഴിഞ്ഞയാഴ്ച്ച സര്‍വേ നടത്തിയത്. റോഡില്‍ 15 മീറ്റര്‍ ഇടവിട്ട് പെയിന്റ് ഉപയോഗിച്ച് കോഡ് ഭാഷയില്‍ അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.
പകല്‍ യാതൊരുവിധ സര്‍വേയും നടത്താതെ രാവിലെ റോഡില്‍ കിലോമീറ്ററുകളോളം വെളുത്ത പെയിന്റുകൊണ്ട് അക്കങ്ങളും കോഡ്ഭാഷയും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചുവെങ്കിലും തങ്ങള്‍ ആരെയും സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പിഡബ്ല്യുഡി അസി.എക്സിക്യുട്ടീവ് എൻജിനീയര്‍ എ.ദേവേശന്‍ നടത്തിയ അന്വേഷണത്തിലാണ് രാത്രികാല സര്‍വേ നടത്തിയത് റിലയന്‍സ് ആണെന്ന് വ്യക്തമായത്. സംസ്ഥാന പാതയില്‍ മൈക്രോ ഡ്രഡ്ജിംഗ് നടത്തി കേബിള്‍ ശൃംഖല സ്ഥാപിക്കാനാണ് രഹസ്യ സര്‍വേ നടന്നത്.
സര്‍വേ നടത്തിയ റിലയന്‍സ് ഇതിനുള്ള അനുമതിക്കായി ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ സമീപിച്ചിട്ടുണ്ട്. രാത്രിയില്‍ തന്നെ ഡ്രഡ്ജിംഗ് ജോലികള്‍ നടത്താനാണ് റിലയന്‍സ് നീക്കം നടത്തുന്നത്. നല്ല രീതിയില്‍ മെക്കാഡം ടാറിംഗ് നടത്തിയ സംസ്ഥാന പാത 36 ല്‍ ഡ്രഡ്ജിംഗ് നടത്തുന്നത് റോഡിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.