മുംബൈ: രാജ്യത്തെ പ്രമുഖ വിനാന കന്പനികൾ പ്രതിസന്ധിയിലായിരിക്കെ റിലയൻസ് ഇൻഡസ്ട്രീസ് വ്യോമയാനരംഗത്തു താത്പര്യമെടുക്കുന്നതായി റിപ്പോർട്ട്.
പൊതുമേഖലയിലെ എയർ ഇന്ത്യ കടത്തിന്റെ നിലയില്ലാക്കയത്തിലാണ്. ഇടയ്ക്കിടെ ഗവൺമെന്റ് കുറേ കടം ഏറ്റെടുത്താണു കന്പനിയെ നിലനിർത്തുന്നത്. രണ്ടുവർഷം മുന്പ് 48,781 കോടി രൂപയായിരുന്നു എയർ ഇന്ത്യയുടെ കടം. തുടർന്നും കന്പനി വലിയ നഷ്ടമാണു വരുത്തിയത്. എയർ ഇന്ത്യയിലെ സർക്കാർ ഓഹരിയിൽ 76 ശതമാനം വിൽക്കാനുള്ള നീക്കം ഇപ്പോൾ മരവിച്ചിരിക്കുകയാണ്.
സ്വകാര്യമേഖലയിലെ ജെറ്റ് എയർവേസ് ദിവസങ്ങളായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 124 വിമാനങ്ങൾ ഉണ്ടായിരുന്ന കന്പനിക്ക് ഇപ്പോൾ അഞ്ചെണ്ണമേ ഉള്ളൂ. ബാങ്കുകൾക്ക് 8800 കോടി രൂപ അടക്കം 15,000 കോടിയോളം രൂപയുടെ ബാധ്യതയിലാണ് ജെറ്റ്. ജെറ്റിനെ വിൽക്കാൻ ബാങ്കുകൾ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആവേശകരമായ പ്രതികരണം ഉണ്ടായിട്ടില്ല.
യുഎഇയിലെ എത്തിഹാദ് എയർവേസുമായി ചേർന്ന് ജെറ്റിനെ വാങ്ങാനും പിന്നീട് എയർ ഇന്ത്യയെ കൈവശപ്പെടുത്താനുമാണു റിലയൻസ് ഉദ്ദേശിക്കുന്നതെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എത്തിഹാദ്, ജെറ്റിനെ വാങ്ങാൻ താത്പര്യപത്രം നൽകിയിട്ടുണ്ട്.
എത്തിഹാദിന് ഇപ്പോൾ ജെറ്റിൽ 24 ശതമാനം ഓഹരിയുണ്ട്. 49 ശതമാനം ഓഹരിവരെ എടുക്കാൻ പ്രത്യേക അനുവാദം വേണ്ട. പ്രവാസി ഇന്ത്യക്കാർക്കാണെങ്കിൽ വിമാനകന്പനിയിൽ 100 ശതമാനം ഓഹരി എടുക്കാൻ പ്രത്യേക അനുമതി വേണ്ട.
ബാങ്കുകാർ തങ്ങൾക്കു കിട്ടാനുള്ള പണത്തിൽ എത്ര പങ്ക് ഒഴിവാക്കും എന്നതിനെ ആശ്രയിച്ചിരിക്കും റിലയൻസിന്റെ നീക്കം. മേയ് പത്തിനകം വില്പനക്കാര്യത്തിൽ തീരുമാനമെടുക്കാനാണു ബാങ്കുകൾ ഉദ്ദേശിക്കുന്നത്. വ്യോമയാന രംഗത്തേക്കു കടക്കുന്നതിനെപ്പറ്റി റിലയൻസ് ഇതുവരെ ഔപചാരികമായി ഒന്നും പറഞ്ഞിട്ടില്ല.
ഏറ്റവും സന്പന്ന ഇന്ത്യക്കാരനായ മുകേഷ് അംബാനിയുടെ കന്പനിയായ റിലയൻസ് വ്യോമയാനത്തിൽ നല്ല ബിസിനസ് ഭാവി കാണുന്നതായി റിലയൻസുമായി അടുപ്പമുള്ള ചിലർ വ്യക്തമാക്കി.