വിവിധ ധനസഹായങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിക്കുമെന്ന ആരോപണത്തിനും സംശയത്തിനും ബലം നല്‍കുന്ന തെളിവുകള്‍ പുറത്ത്. ഒരാശ്വാസം മാത്രം ഇക്കാര്യത്തിലുണ്ട്. പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുകയ്ക്ക് മുമ്പാണ് ഈ വകമാറ്റി ചെലവഴിക്കല്‍ എന്നുമാത്രം.
ചെങ്ങന്നൂരിലെ സിപിഎം എംഎല്‍എയായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ വായ്പാ കുടിശികയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ച് അടച്ചുതീര്‍ത്തത്. വിവിധ ബാങ്കുകളില്‍നിന്ന് എം.എല്‍.എയും കുടുംബവും എടുത്ത വായ്പയുടെ കുടിശികയായ എട്ടുലക്ഷത്തി അറുപത്തിയാറായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഏഴ് രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്.
എം.എല്‍.എയുടെ കുടുംബത്തിന് അടിയന്തരമായി സഹായധനം അനുവദിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആലപ്പുഴ ഡപ്യൂട്ടി കളക്ടര്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് പണം അനുവദിച്ചത്.
എം.എല്‍.എയായിരിക്കെ കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് നിയമസഭയില്‍ ആറുലക്ഷം രൂപയും സ്വര്‍ണവായ്പ ഇനത്തില്‍ ഒരു ലക്ഷത്തിലധികം തുകയും മൂന്നുബാങ്കുകളിലായി ഒന്നരലക്ഷത്തോളം രൂപയും ബാധ്യതയുണ്ടായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയത്.
ഇതു കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നു വീടുനിര്‍മാണ സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ രണ്ടുലക്ഷത്തിലേറെ ബാധ്യതയുണ്ടെന്നും ഡപ്യൂട്ടി കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ചു നേരത്തെയും വിവാദമുണ്ടായിരുന്നു.