തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ് മൂന്നംഗ ബഞ്ചിനു വിട്ടു. ഇന്ന് കേസ് പരിഗണിക്കവേ ലോകായുക്തയില് ഭിന്നവിധി ഉണ്ടായ സാഹചര്യത്തിലാണ് മൂന്നംഗ ബഞ്ചിന് വിട്ടത്.
ലോകായുക്തയും രണ്ട് ഉപലോകായുക്തയും അടങ്ങിയ ബഞ്ച് ഇനി വിധി പറയും.രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ഇന്ന് രാവിലെ കേസ് പരിഗണിക്കവേ ജസ്റ്റീസ് സിറിയക് ജോസഫ് അറിയിച്ചു.
ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറൂൺ അൽ റഷീദും ആണ് വിധി പറഞ്ഞത്. ഇനി വീണ്ടും കേസിൽ വിശദമായ വാദം കേൾക്കേണ്ടി വരും.
മൂന്നംഗ ബഞ്ചിന് വിട്ടതോടെ അന്തിമ വിധി നീളുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിക്ക് താൽകാലിക ആശ്വാസമായി. വിധി എതിരായായാല് മുഖ്യമന്ത്രിക്ക് പദവി രാജിവയ്ക്കേണ്ടിവരെ വരും.
മുഖ്യമന്ത്രി പിണറായി വിജയനു പുറമെ ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാരും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരേയാണ് ഹർജി. ഇവരിൽ അധികാരസ്ഥാനത്തുള്ളത് പിണറായി മാത്രമായതിനാലാണ് അദ്ദേഹത്തിനു വിധി നിർണായകമാകുന്നത്.
വാദം പൂർത്തിയായി ഒരുവർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണു ലോകായുക്ത ഇന്ന് കേസ് പരിഗണിച്ചത്.
2018 സെപ്റ്റംബറിൽ ഫയൽ ചെയ്ത ഹർജിയിൽ 2022 മാർച്ച് 18നാണ് വാദം പൂർത്തിയായത്. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാറാണ് ഹർജിക്കാരൻ.
രിതാശ്വാസനിധി ദുർവിനിയോഗം ചെയ്തവരിൽനിന്നു തുക തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.
അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമാണ് കേസ്.
എൻസിപി നേതാവായ അന്തരിച്ച ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ കെ.കെ. രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹർജി.
പണം അനുവദിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം.കഴിഞ്ഞവർഷം മാർച്ച് 18ന് വാദം പൂർത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.
വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്തതു ചൂണ്ടിക്കാട്ടി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്തയ്ക്കു പരാതി നൽകാനായിരുന്നു ഹൈക്കോടതി നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ലോകായുക്തയിൽ പരാതി നൽകുകയായിരുന്നു.