വൈപ്പിൻ: പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് എടവനക്കാട് അയ്യനക്കാഴത്ത് രമ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ആ ദിനത്തിനു സാക്ഷിയാകാൻ ഓരോരുത്തരെയും ക്ഷണിക്കുകയാണ്. സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് രമയും കുട്ടികളും നടന്നു കയറുന്നത് സഹജീവികളുടെ സ്നേഹസഹായങ്ങളോടെയാണ്.
ജീർണിച്ച് തകർന്ന പഴയ വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുള്ളിലാണ് ഈ മൂന്നംഗ കുടുംബം ഏറെനാളായി അന്തിയുറങ്ങിയിരുന്നത്. കുടുംബനാഥനായ മോഹനൻ നേരത്തെ മരിച്ച് പോയിരുന്നു. പിന്നീട് രമ കൂലിപ്പണി ചെയ്താണ് മക്കളെ പോറ്റിയിരുന്നത്. വൈകല്യം ബാധിച്ച മൂത്തമകൻ അമൽനാഥ് ഇളയ മകൻ പന്ത്രണ്ട് വയസുള്ള ആദിത്യൻ എന്നിവർ അടങ്ങുന്നതാണ് ഈ കുടുംബം.
സഹായിക്കാൻ ആരുമില്ല. കൂലിവേല ചെയ്തുണ്ടാക്കിയ പണം കൊണ്ട് ചെറിയൊരു ഒരു തറ കെട്ടിയിട്ടിട്ട് വർഷങ്ങളായി. ഇത് കിടന്ന് പാഴടയുന്നതിനിടയിലാണ് രമയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കദന കഥ വായിച്ച മരട് സ്വദേശിയായ ഒരു മനുഷ്യ സ്നേഹി ഒന്നര ലക്ഷം രൂപ ഭവന നിർമാണത്തിനായി വാഗ്ദാനം ചെയ്തു. ഇതേത്തുടർന്ന് പൊതുപ്രവർത്തകരായ പി.ജെ. അന്നം, ഷെൽട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഭവന നിർമാണ സമിതിയുണ്ടാക്കി.
വീട് നിർമാണത്തിനായി പ്രവർത്തനം തുടങ്ങി. പലയിടങ്ങളിൽ നിന്നായി ഉദാര മതികളുടെ സഹായങ്ങൾ എത്താൻ തുടങ്ങി. ഇളയ മകൻ ആദിത്യൻ പഠിക്കുന്ന എടവനക്കാട് ഹിദായത്തുൾ ഇസ് ലാം ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും രംഗത്തിറങ്ങി.
ഇവരും നല്ലൊരു തുക സമാഹരിച്ച് ഭവന നിർമാണത്തിനായി നൽകി. അഞ്ചുമാസങ്ങൾ കൊണ്ട് പൂർത്തിയായ സ്വപ്ന ഗൃഹത്തിൽ നാളെ രാവിലെ പാലു കാച്ചുകയാണ്. ഈ ചടങ്ങിലേക്കാണ് രമയും കുടുംബവും ഓരോരുത്തരെയും സ്നേഹപൂർവം ക്ഷണിക്കുന്നത്.