കോഴഞ്ചേരി: പുല്ലാട് രമാദേവി കൊലക്കേസില്‍ ക്രൈംബ്രാഞ്ച് നിഗമനങ്ങള്ക്കെതിരേ ബന്ധുക്കള്‍. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ടുകളെന്ന പേരില്‍ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ജനാര്ദനന് നായരെ അറസ്റ്റു ചെയ്ത നടപടിക്കെതിരേയാണ് രമാദേവിയുടെ സഹോദരങ്ങള്‍ രംഗത്തെത്തി.
യഥാര്‍ഥ കൊലപാതകിയെ ഇപ്പോഴും കണ്ടെത്താനാകാതെ വന്നതോടെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ജനാര്ദനന് നായരെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ക്രെംബ്രാഞ്ചിന്റെ അറസ്റ്റ് വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലെന്നും ഇവര്‍ ആരോപിച്ചു.
അന്വേഷണം ജനാര്ദനന് നായരിലേക്ക് എത്തിച്ച മുടിയിഴകളുടെ അധികാരികതയിലും രമാദേവിയുടെ സഹോദരന്മ്മാരായ ഉണ്ണികൃഷ്ണന് നായര്‍, രാധാകൃഷ്ണന് നായര്‍, ഗോപാലകൃഷ്ണന് എന്നിവര്‍ സംശയം പ്രകടിപ്പിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകാനും എല്ലാം ഒപ്പമുണ്ടായിരുന്ന തങ്ങള്‍ അന്ന് ഈ മുടിയിഴകള്‍ കണ്ടില്ലെന്ന് രമാദേവിയുടെ സഹോദരങ്ങള്‍ പറയുന്നു.
സംശയ രോഗമാണ് കൊലപാതക കാരണമെന്ന വാദവും രമാദേവിയുടെ സഹോദരങ്ങള്‍ തള്ളിക്കളഞ്ഞു. വളരെ സ്നേഹത്തോടെയാണ് ഇരുവരും ജീവിച്ചതെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഉണ്ണികൃഷ്ണന് നായര്‍ പറഞ്ഞു.
കൊലപാതകത്തേ തുടര്‍ന്നുള്ള തെളിവെടുപ്പ് സമയത്ത് ജനാര്ദനന് നായര്‍ വീട്ടില്‍ ഉണ്ടായിരുന്നിട്ടും പോലീസ് നായ അദ്ദേഹത്തിനടുത്തെത്തിയില്ല.
മുടിയിഴകള്‍ കൈയില്‍ നിന്നു ലഭിച്ചതെങ്കില്‍ അതിന്റെ ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ട് വൈകിയതെന്താണെന്നും അറസ്റ്റ് വെകിപ്പിച്ചതെന്താണെന്നും വ്യക്തമാകേണ്ടതുണ്ട്.
ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പ്രതിയെന്നു സംശയിച്ച ചുടലമുത്തുവിനെ ഇത്രയും കാലമായിട്ടും കണ്ടെത്താനാകാത്തതിനാല്‍ അയാളെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റി ജനാര്ദനന് നായരെ അറസ്റ്റ് ചെയ്തതിനു കാരണമായി പറയുന്ന സംഗതികളില്‍ തങ്ങള്‍ക്കു തീരെ വിശ്വാസമില്ലെന്നും രമാദേവിയുടെ സഹോദരങ്ങള്‍ പറഞ്ഞു.
ചുടല മുത്തുവിന്റെ ചെരിപ്പ്, സഞ്ചി, വച്ച് എന്നിവ ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം രമാദേവിയുടെ ഭര്‍ത്താവും ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ആളുമായ ജനാര്ദനന് നായര്‍ മുഴുവന്‍ സമയവും ചെങ്ങന്നൂര്‍ പോസ്റ്റ് ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നതായി ഇയാളുടെ ചില സഹപ്രവര്‍ത്തകരും ബന്ധുക്കളെ അറിയിച്ചിരുന്നു.
ജനാര്ദനന് നായരെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കും
കോഴഞ്ചേരി: രമാദേവി കൊലക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ജനാര്ദനന് നായരെ ഇന്നു തിരികെ കോടതിയില്‍ ഹാജരാക്കും.
കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു പൂര്‍ത്തിയാകുകയാണ്. കേസില്‍ നിര്‍ണായകമായ മൊഴി ജനാര്ദനന് നായരില്‍ നിന്നു ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പകള് നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് എസ്പിയും ഡിവൈഎസ്പിയും അന്വേഷണ ഉദ്യോഗസ്ഥനായ സിഐയും ജനാര്ദനന് നായരെ വിശദമായി ചോദ്യം ചെയ്തു.
ഇന്നലെ പുല്ലാട്ടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. കൊലപാതകം നടന്ന ചട്ടുകുളത്ത് വീടും സ്ഥലവും സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം കൈമാറ്റം ചെയ്യുകയും വീട് പൊളിച്ചുനീക്കുകയും ചെയ്തെങ്കിലും പഴയ വീടിന്റെ സ്കെച്ച്, ഫോട്ടോകള്‍ ഇവ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ തേടിയത്.
ജനാര്ദനന് നായര്‍ അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. അതിബുദ്ധിമാനായ കുറ്റവാളിയായിട്ടാണ് ജനാര്ദനന് നായരെ അന്വേഷണ സംഘം വിലയിരുത്തുന്നത്.
തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്നതിനാല് അന്വേഷണസംഘത്തിന്റെ നിഗമനങ്ങളെ പിന്തുണയ്ക്കുന്ന മറുപടികളാണ് നല്‍കിയതെന്നും പറയുന്നു.
ചുടലമുത്തുവിന്റെ തിരോധാനം സംബന്ധിച്ച വിവരങ്ങളും ജനാര്ദനന് നായരില്‍ നിന്നു തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്ന ചുടലമുത്തുവിനു കൊലപാതകവുമായി ബന്ധമുണ്ടെന്ന നിഗമനം ക്രൈംബ്രാഞ്ചും തള്ളിയിരുന്നില്ല.
ഇപ്പോഴും ഇയാളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു. രമാദേവിയുടെ കൊലപാതകത്തേ തുടര്‍ന്ന് ഒളിവിലായ ചുടലമുത്തു പതിനേഴ് വര്‍ഷമായി ഒളിവിലാണ്.