കോഴഞ്ചേരി: ഭാര്യയെ കൊലപ്പെടുത്തി 17 വര്ഷവും താന് നിരപരാധിയെന്ന വാദം നിരത്താന് ഭര്ത്താവിനു കഴിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരിലും അത്ഭുതം ഉളവാക്കുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച പുല്ലാട് രമാദേവി കൊലക്കേസില് ഭര്ത്താവ് 17 വര്ഷത്തിന് ശേഷം അറസ്റ്റിലായ ഭര്ത്താവ് ജനാര്ദ്ദനന് നായര് അന്വേഷണസംഘത്തെ വഴിതെറ്റിക്കാന് നിരവധി ശ്രമങ്ങള് നടത്തി.
പുല്ലാട് വടക്കേ കവല വടക്കേ ചട്ടുകുളത്ത് വീട്ടില് രമാദേവി (50) കൊല്ലപ്പെടുന്നത് 2006 മേയ് 26നാണ്. കേസില് റിട്ടയേഡ് പോസ്റ്റ് മാസ്റ്റര് കൂടിയായ ഭര്ത്താവ് സി ആര് ജനാര്ദ്ദനന് നായര് (75) ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാന് വേണ്ടിവന്നത് 17 വര്ഷവും ഒന്നരമാസവും.
ഒടുവില് കൊലപാതകം നടന്ന വീടും സ്ഥലവും വിറ്റതും ആയുധം കണ്ടെടുത്ത കിണര് മൂടിയതുമെല്ലാം സ്വയം നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗം തന്നെ.
ആരുടെയും സഹായമില്ലാതെ ഇത്രയും കാലം പിടിച്ചു നിന്ന ജനാര്ദനന് നായര്ക്ക് ചുമലമുത്തുവിന്റെ തിരോധാനത്തിനു പിന്നിലെ ഇടപെടലുകള് കൂടി ഇനി വെളിച്ചത്താകാനുണ്ട്.
ആദ്യമൊഴി തന്നെ അവിശ്വസനീയമെന്ന് അന്വേഷണ സംഘം
സംഭവദിവസം ജോലിക്കു പോയ ജനാര്ദ്ദനന് നായര് മടങ്ങിവന്ന സമയവും അദ്ദേഹം തിരികെവീട്ടില് കയറിയതുമായും ബന്ധപ്പെട്ട് നല്കിയ ആദ്യ മൊഴി തന്നെ അവിശ്വസനീയമാണെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.
എന്നാല് ഇത്രയും കാലം അന്വേഷണം നടത്തിയ സംഘം ഇക്കാര്യത്തില് ജനാര്ദ്ദനന് നായരെ സംശയിച്ചിരുന്നതുമില്ല. കൊല നടന്ന വീട്ടിലേക്ക് ജനാര്ദ്ദന് നായര് പറഞ്ഞതുപോല പ്രവേശിക്കാനാകില്ലെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്ക്കു ബലപ്പെടുന്നുവെന്നു മനസിലാക്കിയാണ് സംഭവം നടന്ന് ഒന്നര വര്ഷത്തിനുള്ളില് വീടും സ്ഥലവും വില്ക്കാന് തന്നെ തീരുമാനിച്ചത്.
വാങ്ങിയവര് വീട് പൊളിച്ചുനീക്കുമെന്നും ജനാര്ദ്ദന് നായര് ഉറപ്പിച്ചു. ഇതോടെ കൊലപാതകം നടന്ന വീട്ടില് നടക്കേണ്ടിയിരുന്ന ഡെമ്മി പരീക്ഷണം അടക്കം പാളി. എന്നാല് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സിഐ സുനില്രാജ് ഡെമ്മി പരീക്ഷണത്തിനു തയാറായി.
വീടിന്റെ കട്ടിളയുടെ ഡെമ്മി തയാറാക്കി നടത്തിയ പരീക്ഷണം ജനാര്ദ്ദനന് നായര്ക്ക് കുരുക്കു വീഴുന്നതായിരുന്നു. സംഭവദിവസം താന് വീട്ടിലെത്തുമ്പോള് വീട് അടച്ചിട്ടിരിക്കുകയായിരുന്നെന്നും തള്ളിത്തുറന്ന് അകത്തു കയറിയെന്നുമാണ് ജനാര്ദ്ദനന് നായര് ആദ്യം മൊഴി നല്കിയത്.
കൊലപാതകം നടത്തിയ ആള് കൃത്യത്തിനുശേഷം കതകടച്ച് കുറ്റിയിട്ടശേഷമാണ് പോയതെന്ന വാദം ഡെമ്മി പരീക്ഷണെേത്താടെ പൂര്ണമായി പൊളിഞ്ഞു.
സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും
ജനാര്ദ്ദനന് നായരെ കസ്റ്റഡിയില് ലഭിച്ചാല് ഉടന് പുല്ലാട്ടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകം നടന്ന വീടോ കൊലയ്ക്ക് ഉപയോഗിച്ച വാകത്തി കണ്ടെത്തിയ കിണറോ ഇപ്പോഴില്ല. എന്നാലും സ്ഥലപരിശോധനയും പ്രതിയായ ആളുടെ മൊഴിയും നിര്ണായകമാണ്.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് കുറ്റകൃത്യം തെളിയിക്കപ്പെട്ടതെന്ന വാദമായിരിക്കും അന്വേഷണസംഘം ഇനി കോടതിയില് കൊണ്ടുവരിക.
ഇതില് കൊല്ലപ്പെട്ട രമാദേവിയുടെ കൈകളില് നിന്നു ലഭിച്ച മുടിയിഴകള് ജനാര്ദ്ദന് നായരുടേതായിരുന്നുവെന്ന കണ്ടെത്തലുകള് തന്നെ നിര്ണായകമാണ്.
ഇതുമായി ബന്ധപ്പെട്ട് റിപ്പോര്ട്ട് നല്കിയ ലാബില് അന്വേഷണസംഘം നേരിട്ടുപോയി തെളിവെടുത്തിരുന്നു. സംഭവശേഷം ശാസ്ത്രീയ പരിശോധന നടത്തിയ ഉദ്യോഗസ്ഥന് അന്നു നല്കിയ ചില റിപ്പോര്ട്ടുകളും ജനാര്ദ്ദനന് നായരുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു.