മുംബൈ: സച്ചിൻ തെണ്ടുൽക്കറിന്റെ ബാല്യകാല പരിശീലകൻ രമാകാന്ത് അചരേക്കറിന് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ പ്രണാമം. അചരേക്കറിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ മുംബൈയിൽ നടന്നു.
ക്രിക്കറ്റ് ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുവിന്റെ ഭൗതിക ശരീരം ചുമലിൽവഹിക്കാൻ സച്ചിൻ മുൻനിരയിലുണ്ടായിരുന്നു. ദാദറിലെ ശിവാജി പാർക്ക് റസിഡൻസിൽ നടന്ന സംസ്്കാര ചടങ്ങിൽ സച്ചിൻ കണ്ണീരോടെയാണ് പങ്കെടുത്തത്. അചരേക്കറിന്റെ ശിഷ്യന്മാരായ വിനോദ് കാംബ്ലി അടക്കമുള്ളവർ കണ്ണീർ പ്രണാമമർപ്പിച്ചു.
അചരേക്കർക്ക് ആദരമർപ്പിച്ച് ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം ഇറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞാണ്. ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സത്യസന്ധമായി കളിക്കാനും ജീവിക്കാനും പഠിപ്പിച്ചത് അചരേക്കറാണെന്നും ഇനി സ്വർഗത്തിലെ ക്രിക്കറ്റ് സന്പന്നമായിരിക്കുമെന്നുമായിരുന്നു അചരേക്കറിന്റെ നിര്യാണത്തിൽ അനുശോചിച്ചുള്ള സച്ചിന്റെ ട്വീറ്റ്.