കാട്ടാക്കട : തനിച്ച് താമസിക്കുന്ന വീട്ടമ്മ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വിളപ്പിൽശാല ചെക്കിട്ടപാറ തെക്കേപണ്ടാരവിള വീട്ടിൽ രമണിയെ (54) ആണ് ശനിയാഴ്ച വൈകുന്നേരം 4.30ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലൈവുഡ് കൊണ്ടുള്ള വീടിന്റെ പിൻവാതിലിന്റെ അടിഭാഗം തകർത്ത് തല പുറത്തേക്കും ശരീരം വീടിനുള്ളിലും ആയിട്ടാണ് മൃതദേഹം കിടന്നത്.
പിൻവാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. മുൻവാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിലാണ്. വീടിനു സമീപത്തു കൂടെ പോയ രമണിയുടെ അമ്മ സുമതിയാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ രാവിലെ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയെങ്കിലും അസ്വാഭാവികമായ വസ്തുക്കളൊന്നും വീടിനുള്ളിൽ കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് ഡോഗിന് മണം പിടിക്കാനായില്ല.
നോഡൽ എസ്പി ഓഫീസിലെ പോലീസ് സയന്റഫിക് ഓഫീസർ ആർ.ആർ. രഞ്ജുവിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ തെളിവെടുപ്പ് നടത്തി. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, വിളപ്പിൽശാല സിഐ സജിമോൻ, എസ്ഐ ഷിബു എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ : ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ശരണ്യ, പ്രീന.