തിരുവല്ല: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സോനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കവിയൂർ ഞാൽഭാഗം പാർവതി വിലാസത്തിൽ രമേശ് ചന്ദ്രനെ ( 65 ) കൊലപ്പെടുത്തിയ കേസിലാണ് വള്ളംകുളം കോഴിമല കരുവിക്കാട്ടിൽ കെ. എസ്. സോനു ( 29 )വിനെ തിരുവല്ല പോലിസ് ഹൈദരാബാദിലെ ബീബി നഗറിൽ നിന്നും വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. നാട്ടിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ റിമാൻഡ് ചെയ്തു.കഴിഞ്ഞ മേയ് 31 നാണ് രമേശ് ചന്ദ്രന്റെ അഴുകിയ നിലയിലുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്.
തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ബന്ധുക്കളെയും സമീപവാസികളെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്, സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പല സംസ്ഥാനങ്ങളിലായി പോലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വലയിലായത്, കഴിഞ്ഞ ഒരു വർഷമായി കൊല്ലപ്പെട്ട രമേശിന്റെ വീടിനടുത്ത് യുവതിയുമായി പ്രതി സോനു വാടകയ്ക്ക് താമസിച്ചിരുന്നു.
ഇതിനിടെ സോനു രമേശുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. ആറു മാസം മുന്‍പ് സോനു രമേശുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് രമേശിന്റെ വീടിന്റെ ജനൽചില്ല ഉൾപ്പെടെ അടിച്ചു പൊട്ടിക്കുകയും ചെയ്തു. തുടർന്ന് പിണക്കത്തിലായിരുന്ന ഇരുവരും രമേശ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുന്‍പ് വീണ്ടും അടുത്തു . കൊലപാതക ദിവസം ഇവർ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് മുന്‍പുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിനുശേഷം ജൂണ്‍ നാലിന് തൃക്കുന്നപ്പുഴ സ്വദേശിനിയും വികലാംഗയുമായ യുവതിയെ പ്രലോഭിപ്പിച്ച് മാവേലിക്കരയിലെ സിനിമാ തീയറ്ററിൽ എത്തിച്ച് യുവതി ധരിച്ചിരുന്ന അഞ്ച് പവനോളം വരുന്ന സ്വർണാഭരണങ്ങളും 10000 രൂപയും പ്രതി കവർന്നിരുന്നു. ഇത് സംബന്ധിച്ച് മാവേലിക്കര പോലിസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് ഏഴാം തീയതി മാന്നാർ വള്ളക്കാലിയിൽ സുരേഷ് എന്ന യുവാവിനെ സോനുവും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചിരുന്നു.
2008 കാലയളവിൽ ആലുവയിലെ പെട്രോൾ പന്പിൽ ജോലി നോക്കവേ സഹപ്രവർത്തകന്റെ മുത്തശിയുടെ മാല പിടിച്ചുപറിച്ച കേസിൽ സോനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തും ഇയാൾക്കെതിരെ മോഷണക്കുറ്റം അടക്കമുള്ള കേസുകൾ നിലവിലുണ്ടായിരുന്നു.
ജില്ലാ പോലീസ് മേധാവി ജി ജയദേവിന്റെ നിർദേശപ്രകാരം സിഐ പി.ആർ. സന്തോഷ്, എസ്ഐമാരായ കെ. എസ്. ഗോപകുമാർ, ബി. ശ്യാം, ജിബു ജോണ്‍, സീനിയർ സിപിഒമാരായ ഗോപകുമാർ, രാജേഷ് കുമാർ, ബിജുകുമാർ , കൃഷ്ണകുമാർ, സിപിഒമാരായ പി. ജി. സന്തോഷ് കുമാർ, റ്റി. എസ്. അനീഷ്, നിഷാന്ത് ചന്ദ്രൻ , ജയകുമാർ, ജൂബിത തന്പി , സജിത് രാജ്, ഷാഡോ പോലീസ് അംഗങ്ങളായ അജികുമാർ, വിൽസണ്‍, സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.