പാലക്കാട്: പൈലറ്റില്ലാത്ത വിമാനം പോലെയാണ് കേരള ഭരണം മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരള ഭരണത്തിൽ ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്. ഇ-ഫയലിംഗിലൂടെ ഭരണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
വെള്ളപ്പൊക്കത്തെ പ്രളയമായി മാറ്റിയ ഗവണ്മെന്റാണ് പിണറായിയുടേത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഉണ്ടായ ദുരന്തമാണ് ഈ പ്രളയമെന്നും, ഇതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന യു ഡി എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബഹുസ്വരതയെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്ന് യോഗത്തിൽ സംസാരിച്ച കെ പി സി സി പ്രസിഡൻറ് എം. എം ഹസ്സൻ പറഞ്ഞു. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. സ്ത്രീ പീഡന വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് നീതിരഹിതമാണെന്നും എം .എം ഹസ്സൻ പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി അധ്യക്ഷനായിരുന്നു. ഘടകകക്ഷി നേതാക്കളായ കെ പി എ മജീദ്, തോമസ് ഉണ്ണ്യാടൻ, അനൂപ് ജേക്കബ് എം എൽ എ, എൻ ഷംസുദ്ദീൻ എം എൽ എ, അഡ്വ. ജോസ് ജോസഫ്, ഡി സി സി പ്രസിഡൻറ് വി .കെ ശ്രീകണ്ഠൻ, നേതാക്കളായ വി. എസ് വിജയരാഘവൻ, സി .വി ബാലചന്ദ്രൻ, സി .പി മുഹമ്മദ്, ബി. രാജേന്ദ്രൻ നായർ, വി.ഡി ജോസഫ്, ജോബി ജോണ്, നിശ്ചലാനന്ദൻ, കലാധരൻ, ഷാഫി പറന്പിൽ എം എൽ എ, പി.ജെ പൗലോസ്, പി .വി രാജേഷ്, കെ .എ ചന്ദ്രൻ, മുഹമ്മദ് കുഞ്ഞി, എ. സുമേഷ്, സി .എ .എം എ കരീം തുടങ്ങിയവർ സംബന്ധിച്ചു.