പാലക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് നവംബർ 13, 14 തീയതികളിൽ ജില്ലയിൽ സ്വീകരണം നല്കാൻ യുഡിഎഫ് നേതൃത്വയോഗം തീരുമാനമെടുത്തു.
13ന് രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ കരിങ്കല്ലത്താണിയിൽ ജില്ലാനേതാക്കൾ ജാഥയെ സ്വീകരിക്കും. ആദ്യസ്വീകരണയോഗം രാവിലെ പത്തിന് മണ്ണാർക്കാടാണ്. രാവിലെ 11ന് ഒറ്റപ്പാലം നിയോജകമണ്ഡലം കരിന്പുഴ കോട്ടപ്പുറത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കോങ്ങാട് നിയോജകമണ്ഡലം കല്ലടിക്കോട്ടും നാലിന് പാലക്കാട് മലന്പുഴ നിയോജകമണ്ഡലം സംയുക്തമായി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം നല്കും.
അഞ്ചിന് ചിറ്റൂരിൽ 13-ലെ പരിപാടി സമാപിക്കും.14ന് രാവിലെ പത്തിനു തൃശൂർ നിയോജകമണ്ഡലം വടക്കഞ്ചേരിയിലും 11ന് നെ·ാറ നിയോജകമണ്ഡലം കൊല്ലങ്കോട്ടും ഉച്ചകഴിഞ്ഞ് മൂന്നിന് ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആലത്തൂരിലും നാലിന് ഷൊർണൂർ നിയോജകമണ്ഡലം കുളപ്പുള്ളി ജംഗ്ഷനിലും അഞ്ചിന് പട്ടാന്പി നിയോജകമണ്ഡലം മേലേപട്ടാന്പിയിലും സ്വീകരണം നല്കും.
വൈകുന്നേരം ആറിന് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൂറ്റനാട് നല്കുന്ന സ്വീകരണത്തോടെ ജില്ലയിലെ പരിപാടി സമാപിക്കും.ജവഹർഭവനിൽ ചേർന്ന യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ എ.രാമസ്വാമി അധ്യക്ഷത വഹിക്കും. മുൻ എംപി വി.എസ്.വിജയരാവഘവൻ ഉദ്ഘാടനം ചെയ്തു.