തൃശൂർ: ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ സാഹചര്യത്തിൽ 500 കോടി രൂപ അധികമായി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രദുരന്ത നിവാരണ അഥോറിറ്റിയുടെ ഫണ്ട് അപരാപ്ത്യമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്തം നേരിടുന്നതിൽ പൂർണമായി പരാജയപ്പെട്ടു. ദുരന്തം സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് തയാറാക്കി നൽകാനോ കണ്ട്രോൾ റൂം തുറന്നു പ്രവർത്തിപ്പിക്കാനോ സൗജന്യ റേഷൻ എത്തിക്കാനോ സർക്കാരിനായില്ല.
ദുരന്തം നേരിടുന്നതിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തേയോ കേന്ദ്രസർക്കാർ സംസ്ഥാനത്തേയോ ബന്ധപ്പെട്ടില്ല. കടലിൽ കാണാതായവരെ തേടി ബന്ധുക്കളും സുഹൃത്തുക്കളും കടലിൽ ഇറങ്ങുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനമില്ലായ്മ ഇത് വെളിവാക്കുന്നു. എഡിജിപി റാങ്കിലുളള മേധാവിയില്ലാത്തതും രക്ഷാപ്രവർത്തന ഏകോപനങ്ങൾക്ക് തിരിച്ചടിയായി.
മുഖ്യമന്ത്രി തിരുവനന്തപുരത്തുണ്ടായിട്ടും ദുരന്തബാധിതപ്രദേശങ്ങൾ സന്ദർശിച്ചില്ല. ദുരന്തം സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിട്ടും സർക്കാർ ജാഗ്രതപാലിച്ചില്ല. മുഖ്യമന്ത്രി ഒരു നിവേദനവും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും തമ്മിലുള്ള ശീതസമരം രക്ഷാപ്രവർത്തനത്തെ ബാധിച്ചോയെന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു.