തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണങ്ങളിൽ ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിജു രമേശിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും തനിക്കെതിരായ അപകീർത്തികരമായ പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണത്തിൽ ഒരു കോടി രൂപ കെപിസിസി ഓഫീസിൽ എത്തി രമേശ് ചെന്നിത്തലയ്ക്കും 50 ലക്ഷം രൂപ കെ.ബാബുവിനും 25 ലക്ഷം രൂപ വി.എസ്. ശിവകുമാറിനും കൈമാറിയെന്നാണു ബിജു രമേശ് ആരോപിച്ചത്.
ഇതേത്തുടർന്ന് മറ്റു ചിലരും അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മന്ത്രിമാരും അടക്കമുള്ളവർക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസിനു സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും കാബിനറ്റ് പദവിയിലുള്ള പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ആവശ്യമാണ്. അതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.