ആറന്മുള: വനിതാ മതിലിനു നീക്കിവച്ച് 50 കോടി രൂപ പ്രളയബാധിത മേഖലയിൽ ചെലവഴിക്കാൻ സർക്കാർ തയാറാകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറന്മുള നിയോജക മണ്ഡലത്തിലെ പ്രളയബാധിതരിൽ ഇതുവരെ ധനസഹായം ലഭിക്കാത്തവരിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ഒരു രൂപപോലും ധനസഹായം ലഭിക്കാത്തവർ ഏറെയുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരും കൃഷി നഷ്ടപ്പെട്ടവരും വ്യവസായങ്ങൾ നഷ്ടമായവ്യാപാരികളും ഉൾപ്പെടെ നഷ്ടക്കണക്കുകൾ ഏറെയാണ്. കുടുംബശ്രീ വഴി ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം രൂപ, വ്യാപാരികൾക്ക് 10 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ് എന്നാൽ ഇതുവരെ സഹായം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതികൾ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും കൈമാറുകയും നിയമസഭയ്ക്ക് അകത്തും പുറത്തുമായി നിരന്തരം ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും പരമാവധി സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ പന്തളം സുധാകരൻ, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗങ്ങളായ കെ.ശിവദാസൻ നായർ,കെ.കെ.റോയിസണ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സെക്രട്ടറി രഘുനാഥ് കുളനട, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാ ദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോണ്ഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. രാധാചന്ദ്രൻ, മാലേത്ത് സരളാദേവി, മല്ലപ്പുഴശേരി മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാൻ മാത്യു, പഞ്ചായത്ത് അംഗം റോസമ്മ മത്തായി, ജോയി ജോർജ്, ബാബു നെല്ലിക്കാല, ഷിബു കാഞ്ഞിക്കൽ, സുനിൽ പുന്നയ്ക്കാട്, ജോസ്, സുജ, ടി.എ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.