തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. എന്നാൽ പരാജയപ്പെട്ടതിന് ആരേയും കുറ്റം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്വം ഒന്നോ രണ്ടോ പേരുടെ തലയിൽ കെട്ടിവയ്ക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കെഎസ്യു സ്ഥാപകദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കവേയാണ് ചെന്നിത്തല പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
അതേസമയം കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെഎസ്യു രംഗത്തെത്തി. സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണി വേണമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് മുന്നറിയിപ്പായി കാണണം. പരാജയത്തിൽനിന്നു നേതാക്കൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. നേതൃസ്ഥാനത്തു മാറ്റവേണമെന്നും ഡിസിസിയുടെ ജംബോ കമ്മിറ്റികൾ എല്ലാം അടിയന്തരമായി പിരിച്ചുവിടണമെന്നും അഭിജിത് ആവശ്യപ്പെട്ടു.