പത്തനംതിട്ട: കേരളത്തിലെ ജനസംഖ്യയുടെ ആറിലൊന്ന് ജനങ്ങൾ ദുരിതമനുഭവിക്കുന്പോൾ മന്ത്രിസഭാ യോഗം അജണ്ടയില്ലാതെ മാറ്റിവെച്ച നടപടി പ്രതിഷേധാർഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആന്റോ ആന്റണി എംപിയുടെ ഓഫീസിലെ പോലീസ് അക്രമണത്തിലും കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കുനേരെയുള്ള സിപിഎം ആക്രമത്തിലും പ്രതിഷേധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പത്തനംതിട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ നടപടികളുമായി മുന്നോട്ട് പോകേണ്ട അടിയന്തര സാഹചര്യത്തിൽ മന്ത്രി സഭാ യോഗം ചേർന്ന് ഗാന്ധിജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് മാത്രം ചർച്ചചെയ്ത് പിരിയുകയാണുണ്ടായതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പിണറായി ഭരണത്തിൽ പോലീസിനെ കയറൂരി വിട്ടിരിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ആന്റോ ആന്റണി എംപിയുടെ ഓഫീസ് ആക്രമണമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകപരമായ ശിക്ഷാ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിന് കോണ്ഗ്രസ് നേതൃത്വം നൽകുമെന്ന് പ്രസിപക്ഷ നേതാവ് പറഞ്ഞു.
ജില്ലയിലുൾപ്പെടെ സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതവും സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം ഉണ്ടായതാമെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായും മുന്നറിയിപ്പില്ലാതെയും ഡാമുകൾ തുറന്നുവിട്ട് പ്രളയം സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.