തിരുവനന്തപുരം: ജെഡി- യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ കാട്ടിയതു രാഷ്ട്രീയ വഞ്ചനയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. മുന്നണി വിടുന്നകാര്യം ഫോണ്‍ ചെയ്തു പറയാനുള്ള മര്യാദപോലും വീരേന്ദ്രകുമാർ കാട്ടിയില്ല. മുന്നണി വിടുന്നകാര്യം അറിഞ്ഞത് ചാനലിലൂടെയാണ്. മുന്നണി വിടുന്നകാര്യം ഫോണിലൂടെയെങ്കിലും പറയാനുള്ള മര്യാദ കാട്ടണമായിരുന്നു.
എന്തിനാണ് യുഡിഎഫ് വിടുന്നതെന്നു പറയാനുള്ള രാഷ്ട്രീയ മര്യാദ അദ്ദേഹം കാട്ടണമായിരുന്നു. യുഡിഎഫ് നടത്തിയ പടയൊരുക്കത്തിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുകയും കോഴിക്കോട് നടന്ന റാലിയിൽ പങ്കെടുത്ത് യുഡിഎഫിന് അനുകൂലമായി പ്രസംഗിക്കുകയും ചെയ്തിരുന്നു.
2009ൽ ലോക്സഭാ സീറ്റുകിട്ടാതെ എകെജി സെന്ററിൽ നിന്നിറങ്ങിയപ്പോൾ രാഷ്ട്രീയ അഭയം നൽകിയത് യുഡിഎഫാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയും ഭരണത്തിലെത്തിയപ്പോൾ ഏറ്റവും വലിയ വകുപ്പുകളായ കൃഷിയും പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറിയും നൽകുകയും ചെയ്തു. ഒമ്പതു കോർപറേഷനുകളും അറുപതോളം ബോർഡ് മെമ്പർ സ്ഥാനങ്ങളും കാലിക്കട്ട് സർവകലാശാലയിൽ സിൻഡിക്കറ്റിൽ അംഗത്വവും പാർലമെന്റിൽ മത്സരിക്കാൻ സീറ്റും നൽകി. രണ്ട് എംഎൽഎമാരുള്ള പാർട്ടിയായിട്ടും രാജ്യസഭാ സീറ്റ് നൽകി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ ഏഴു സീറ്റിലും തോറ്റതിന്റെ കാരണം താൻ പറയുന്നില്ല. പറയാത്തതു തന്റെ മാന്യത കൊണ്ടാണ്. തെരഞ്ഞെടുപ്പാകുമ്പോൾ ജയവും തോൽവിയുമൊക്കെ മാറിയും മറിഞ്ഞും വരും.
അഭയം നൽകിയ മുന്നണിയെ ചതിച്ചശേഷം യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് എൽഡിഎഫിനു നൽകുന്ന സ്ഥിതിയിലെത്തിക്കുകയാണ്.ജെഡി- യു പോയതുകൊണ്ട് യുഡിഎഫ് മുന്നണിക്ക് ഒരു ചുക്കും സംഭവിക്കില്ല. ഒരു കരിയില അനക്കം പോലും യുഡിഎഫിനുണ്ടാകില്ല.
എല്ലാ വെല്ലുവിളികളേയും നേരിടാനുള്ള കരുത്ത് യുഡിഎഫിനുണ്ട്. ആർഎസ്പിയും ജനതാദളും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും എൽഡിഎഫ് വിട്ടുപോയിട്ടും എൽഡിഎഫ് അധികാരത്തിലെത്തിയ ചരിത്രം മറക്കേണ്ട. ജനങ്ങൾ വോട്ടു ചെയ്യുന്നത് മുന്നണിക്കായതിനാണ് ഘടകകക്ഷികൾ വിട്ടുപോയിട്ടും എൽഡിഎഫ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്കു കൊണ്ടുവരുന്നതിനുള്ള ചർച്ചയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മുന്നണിയിലേക്കു വരുന്നകാര്യം തീരുമാനിക്കേണ്ടത് കേരള കോണ്‍ഗ്രസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.